ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: കുമ്മനത്തിനെതിരെ കേസ്

Posted on: October 22, 2020 11:55 am | Last updated: October 22, 2020 at 5:12 pm

പത്തനംതിട്ട | സാമ്പത്തിക തട്ടിപ്പു കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ മിസ്സോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ ആറന്മുള പോലീസാണ് കുമ്മനെതിനെതിരെ കേസെടുത്തത്. കുമ്മനത്തിന്റെ മുന്‍ പി എ ആയിരുന്ന പ്രവീണാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ അഞ്ചാം പ്രതിയാണ് കുമ്മനം രാജശേഖരന്‍.

പേപ്പര്‍ കോട്ടണ്‍ മിക്‌സ് നിര്‍മ്മിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനില്‍ നിന്നും പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. 28.75 ലക്ഷം കമ്പനിയില്‍ നിക്ഷേപിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്ന് ഹരികൃഷ്ണന്‍ പറയുന്നു.

കുമ്മനവും പ്രവീണുമടക്കം ഒന്‍പത് പേരെയാണ് കേസില്‍ പ്രതിയായി ചേര്‍ത്തിട്ടുള്ളത്. കുമ്മനം മിസോറാം ഗവര്‍ണറായിരുന്ന സമയത്താണ് പണം നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയെട്ടും അവശേഷിച്ച പണം കൂടി കിട്ടണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

പത്തനംതിട്ട എസ്പിക്ക് ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി ഡിവൈഎസ്പിക്ക് കൈമാറി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പുനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കുമ്മനമടക്കം ഒന്‍പത് പേരെ പ്രതിയാക്കി കേസെടുത്തത്. ഐപിസി 406, 420 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു.