തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം മാറി നല്‍കിയ സംഭവം; താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു

Posted on: October 22, 2020 11:06 am | Last updated: October 22, 2020 at 11:06 am

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. മോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി. ആര്‍ എം ഒ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. പിന്നീട് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആണ് മൃതദേഹം മാറി നല്‍കിയ കാര്യം വ്യക്തമായത്.

മോര്‍ച്ചറി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരന് വീഴ്ച്ച പറ്റി എന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ദേവരാജന്റെ മൃതദേഹം മകന്‍ തിരിച്ചറിഞ്ഞതിന് ശേഷം ടാഗ് പരിശോധിക്കാതെ വിട്ടുനല്‍കുകയായിരുന്നു. മൃതദേഹം വിട്ടുനല്‍കുന്നതിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് മോര്‍ച്ചറി ജീവനക്കാരനെതിരെയും നടപടിയെടുക്കാന്‍ തീരുമാനമായത്.