Connect with us

Alappuzha

കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ എ പൂക്കുഞ് അന്തരിച്ചു

Published

|

Last Updated

ആലപ്പുഴ | കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ എ പൂക്കുഞ് (74)അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് മരിച്ചത്.കായംകുളം വലിയ ചെങ്കിലാത് വീട്ടില്‍ പരേതരായ ഹസനാരു കുഞ്ഞിന്റെയും സൈനബ ഉമ്മയുടെയും മകനായി ജനിച്ചു. സ്‌കൂള്‍, കോളജ് വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജില്‍ നിന്ന് എല്‍ എല്‍ ബി യും കോഴിക്കോട് ഗവണ്മെന്റ് ലോ കോളജില്‍ നിന്നും എല്‍ എല്‍ എം ഉം കരസ്ഥമാക്കി.

ഇക്കാലയളവില്‍ കെ എസ് യു വിലൂടെ സംഘടന രാഷ്ടീയ രംഗത്തു പ്രവേശിച്ചു. കോഴിക്കോട് ജില്ലാ കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ശിവശങ്കരന്റെ കീഴില്‍ പ്രാക്റ്റിസ് ആരംഭിച്ചു. പിന്നീട് മാവേലിക്കര കോടതിയിലേക്കും 1980 ല്‍ ആലപ്പുഴയില്‍ സ്ഥിര താമസമാക്കിയതോടു കൂടി ജില്ലാ കോടതിയിലും പ്രാക്റ്റിസ് ആരംഭിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജമാഅത് കൗണ്‍സില്‍ ആദ്യകാല നേതാവുമായ എസ് എം നൂഹ് സാഹിബിനൊപ്പം കേരള മുസ്ലിം ജമാഅത് കൗണ്‍സില്‍ എന്ന തെക്കന്‍ കേരളത്തിലെ പ്രമുഖ സമുദായ സംഘടനയുടെ ജില്ലാ നേതൃത്വത്തിലേക്കും പിന്നീട് സംസ്ഥാനത്തെ മുസ്ലിം സമൂഹത്തിന്റെയും പിന്നാക്ക സമുദായത്തിന്റെയും അനിഷേധ്യ നേതാവായി മാറി. ദീര്‍ഘകാലം ജമാഅത് കൗണ്‍സില്‍ സംസ്ഥാന, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ സംവരണ വിഷയത്തിലും മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥക്കെതിരെയും പ്രതിഷേധത്തിന്റെ സ്വരമായി വര്‍ത്തിച്ചു.

വ്യത്യസ്ത ആശയത്തിന്റെ അടിസ്ഥാനത്തില്‍ വിഘടിച്ചു നില്‍ക്കുന്ന വിവിധ മുസ്ലിം സംഘടനകളെ പൊതുവേദിയില്‍ അണിനിരത്തുവാന്‍ പരിശ്രമിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗമായും പിന്നാക്ക സമുദായ മുന്നണി സംസ്ഥാന വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം, ആലപ്പുഴ ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. നിലവില്‍ ജില്ലാ നോട്ടറി ആണ്. യൂക്കോ ബേങ്ക് മുന്‍ ഉദ്യോഗസ്ഥ അഡ്വ മെഹറുന്നിസയാണ് ഭാര്യ.

മക്കള്‍: അഡ്വ വിപി ഉനൈസ് കുഞ്ഞ് (ജില്ലാ കോടതി ആലപ്പുഴ ), അഡ്വ വിപി ഉവൈസ് കുഞ്ഞ് (ബഹ്‌റൈന്‍ ), മരുമക്കള്‍: ഡോ നിഷ ഉനൈസ്, വാഹിദ ഉവൈസ് ( ബഹ്റൈന്‍ ). സഹോദരങ്ങള്‍. ഡോ. മുഹമ്മദ് കുഞ്ഞ് ( റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ആനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്‌മെന്റ് ), യൂസുഫ് കുഞ്ഞ് (റിട്ട. എസ് പി ), താഹക്കുട്ടി (റിട്ട. റീജിയണല്‍ മാനേജര്‍ കേരള ഹാന്‍ഡ്ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍), പരേതയായ ആമിന ബീവി, സൈനബ ബീവി, സുലേഖ ബീവി.ഖബറടക്കം ഇന്ന് ഉച്ചക്ക് 12ന് ആലപ്പുഴ പടിഞ്ഞാറേ ശാഫി ജമാഅത്തില്‍.

Latest