കൊട്ടിക്കലാശമില്ല, ഭവന സന്ദർശനത്തിന് അഞ്ച് പേർ; തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണങ്ങൾ

Posted on: October 21, 2020 2:32 pm | Last updated: October 21, 2020 at 6:19 pm

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കർശന കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പത്രിക സമർപ്പണം മുതൽ വെട്ടെണ്ണൽ ദിനം വരെ എല്ലാ പ്രവർത്തനങ്ങൾക്കുമുള്ള വിശദമായ കൊവിഡ് പ്രോട്ടോക്കോളാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുള്ളത്.

കൊവിഡ് സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾക്കും തിരഞ്ഞെടുപ്പ് നടത്തിപ്പിനും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളോ ആൾകൂട്ടമോ കൊട്ടിക്കലാശമോ  ഇത്തവണ ഉണ്ടാകില്ല.  ഭവന സന്ദർശനത്തിന് വിലക്ക് ഇല്ലെങ്കിലും സന്ദർശന വേളയിൽ സ്ഥാനാർത്തിക്കൊപ്പം അഞ്ചു പേർക്ക് മാത്രമാണ് അനുമതി. റോഡ് ഷോ, വാഹന റാലി എന്നിവക്കായി പരമാവധി മൂന്നു വാഹനങ്ങൾ പാടുള്ളൂ.

പൊതുയോഗങ്ങൾക്കും കുടുംബ യോഗങ്ങൾക്കും വിലക്കില്ല. എന്നാൽ കൊവിഡ് മാനദണ്ഡ പ്രകാരമാവണം ഇവ നടത്തേണ്ടത്. നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പ്രചാരണം സോഷ്യൽ മീഡിയ വഴിയാക്കണമെന്നാണ് നിർദേശം. സ്ഥാനാർഥിയെ ഹാരവും ബൊക്കയും നോട്ട് മാലയും ഷാളും നൽകി സ്വീകരിക്കാൻ പാടില്ല. പത്രികാ സമർപ്പണത്തിനും നിയന്ത്രണമുണ്ട്. സ്ഥാനാർഥി ഉൾപ്പെടെ മൂന്നു പേർ മാത്രമാണ് സ്ഥാനാർഥിക്കൊപ്പം പാടുള്ളൂ.

വോട്ടിംഗ് ദിനവും നിയന്ത്രണങ്ങളുണ്ട്. ബൂത്തിന് പുറത്ത് സോപ്പും വെള്ളവും ഒപ്പം സാനിറ്റൈസറും കരുതണം. തലേ ദിവസം പോളിംഗ് സ്റ്റേഷനുകൾ അണുവിമുക്തമാക്കണമെന്നും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന്റെ മാർഗ നിർദേശം വ്യക്തമാക്കുന്നു.  പോളിംഗ് സ്റ്റേഷനിൽ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു അറ്റൻഡറും ഒരു പോലീസുമാണ് ഉണ്ടാവുക. ഇതിനു പുറമെ സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാരും ഉണ്ടാകും. ഇവർ പത്ത് പേരിൽ കൂടാൻ പാടില്ല. സാമൂഹിക അകലം പാലിച്ചായിരിക്കണം ഇവർ ഇരിക്കേണ്ടത്.  സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഉണ്ടാകും.  പ്രായമായവർക്കും രോഗികൾക്കും ക്യൂ ഇല്ല. കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും തപാൽ വോട്ട് എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

പോളിംഗ് ഉദ്യോഗസ്ഥർക്ക് മാസ്കും കയ്യുറയും ഫേസ് ഷീൽഡും വോട്ടർമാർക്ക് മാസ്കും നിർബന്ധമാണ്. ബൂത്തിനുള്ളിൽ ഒരേസമയം പരമാവധി മൂന്ന് വോട്ടർമാർക്കാണ് പ്രവേശനം. സ്ലിപ്പ് വിതരണ കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സ്ഥാനാർഥികൾ പോസിറ്റിവായാൽ പ്രചാരണ രംഗത്തിറങ്ങരുതെന്നുമാണ് മാർഗരേഖയിലെ മറ്റു നിർദേശങ്ങൾ. നവംബർ അവസാനമോ ഡിസംബർ ആദ്യമോ ആയിരിക്കും സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത.