Connect with us

Kerala

കെ എം ഷാജി കോഴ വാങ്ങിയ കേസ്; ലീഗ് നേതാക്കളില്‍ നിന്ന് ഇന്ന് ഇ ഡി മൊഴിയെടുക്കും

Published

|

Last Updated

കണ്ണൂര്‍ |  അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി എം എല്‍ എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഇന്ന് മൊഴിയെടുക്കും. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് നേതാക്കളില്‍ നിന്നാണ് മൊഴിയെടുക്കുക. ഇതിനായി ഇ ഡിയുടെ കോഴിക്കോട്ടെ സബ് സോണല്‍ ഓഫീസില്‍ ഇന്ന് എത്താന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ലീഗ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 30 ഓളം പേര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാം വരും ദിവസങ്ങളില്‍ തെളിവ് ശേഖരിക്കും.

കെ എം ഷാജി പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയാണ് എന്ന പരാതിയിലാണ് ആദ്യ അന്വേഷണം. ഈ വിഷയം ചോദിക്കാനാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേയും മറ്റും ഇന്ന് വളിച്ചിരിക്കുന്നത്. പരാതിക്കാരനായ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

2013-14 കാലയളവില്‍ അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച കത്താണ് കേസിനാധാരം. ഈ പരാതി ചോരുകയും പരാതി സി പി എം നേതാവ് മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തതോടെ വിജിലന്‍സ് സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ കോഴ വാങ്ങിയെന്ന് വ്യക്തമായതായി നേരത്തെ എഫ് ഐ ആറില്‍ പറഞ്ഞിരുന്നു. ചെലവ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2014ല്‍ 30 ലക്ഷവും 2015ല്‍ 35 ലക്ഷവും സംഭാവന ഇനത്തില്‍ സ്‌കൂളിന് വരുമാനമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഈ രണ്ടു വര്‍ഷങ്ങളിലും 35 ലക്ഷം രൂപ വീതം ചെലവ് ഇനത്തില്‍ കാണിക്കുന്നുണ്ട്. ഇതില്‍ 25 ലക്ഷം രൂപ കെ എം ഷാജിക്ക് നല്‍കിയതായി എഫ് ഐ ആറില്‍ പറയുന്നുണ്ട്.