മോദിയുടെ വീഡിയോക്ക് ഡിസ്‌ലൈക്ക് പ്രവാഹം; ഒടുവിൽ ബട്ടൺ ഓഫ് ചെയ്തു

Posted on: October 20, 2020 9:36 pm | Last updated: October 20, 2020 at 9:49 pm

ന്യൂഡൽഹി | കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോക്ക് മിനുറ്റുകൾക്കകം ആയിരത്തിലേറെ ഡിസ്‌ലൈക്കുകൾ. ബി ജെ പിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോക്കാണ് ലൈക്കിനേക്കാൾ ഏറെ ഡിസ്‌ലൈക്കുകൾ വന്നത്. ഒടുവിൽ ഡിസ്‌ലൈക്ക് ബട്ടണിലെ, ലഭിച്ച പ്രതികരണങ്ങളുടെ എണ്ണം ബി ജെ പി ഓഫ് ചെയ്തു.

ഇന്ന് ആറ് മണിക്കായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. പന്ത്രണ്ടര മിനുറ്റ് ദൈർഘ്യമുള്ള മോദിയുടെ വീഡിയോക്ക് ഡിസ്‌ലൈക്കുകൾ വർധിച്ചതോടെയാണ് ബി ജെ പി ബട്ടൺ ഓഫ് ചെയ്തത്. ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റ് ബോക്സിൽ പ്രതിഷേധവുമായെത്തിയത്. മോദിക്കെതിരെയുള്ള  ഡിസ്‌ലൈക്കുകൾ നിങ്ങൾക്ക് മറക്കാനായേക്കാം എന്നാൽ അദ്ദേഹത്തിന്റെ വലിയ പരാജയങ്ങൾ ജനം കാണുന്നുവെന്നായിരുന്നു ചിലരുടെ പ്രതികരണം. ജനങ്ങളുടെ ഇഷ്ടവും അനിഷ്ടവും പ്രകടിപ്പിക്കുന്നത് തടയുന്ന ബി ജെ പിക്ക് ഇനി കമന്റ് ബോക്സും പൂട്ടേണ്ടി വരുമെന്നും പ്രതികരണമായി വന്നിട്ടുണ്ട്.