യാത്രാക്കാരോട് ജീവനക്കാര്‍ എങ്ങനെ പെരുമാറണം; മാര്‍ഗ നിര്‍ദേശവുമായി കെ എസ് ആര്‍ ടി. സി എം ഡി

Posted on: October 20, 2020 7:38 pm | Last updated: October 20, 2020 at 10:10 pm

പത്തനംതിട്ട | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ യാത്രാക്കാരോട് മോശമായി പെരുമാറുന്നതായുള്ള ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്ന് സി എം ഡി. ബിജു പ്രഭാകര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാരോട് ജീവനക്കാര്‍ എങ്ങിനെ പെരുമാറണമെന്നതു സംബന്ധിച്ച് സി എം ഡി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. യാത്രക്കാര്‍ ബസിനുള്ളിലോ ബസിന് പുറത്തോ വെച്ചോ കണ്ടക്ടറോടും, ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാല്‍ അതേ രീതിയില്‍ ഒരു കാരണവശാലും പ്രതികരിക്കരുതെന്നും യാത്രക്കാര്‍ ജീവനക്കാരെ അസഭ്യം പറയുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തുടര്‍ന്നുള്ള നടപടികള്‍ യൂനിറ്റ് തലത്തിലോ, കേന്ദ്ര ഓഫീസ് തലത്തിലോ തീരുമാനിക്കും.

ജീവനക്കാര്‍ യാത്രാക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്‍മാര്‍, അംഗവൈകല്യമുള്ളവര്‍, രോഗബാധിതരായ യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമുള്ള സൗകര്യം ബസുകളില്‍ ഒരുക്കി നല്‍കണം. കൂടാതെ ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും ഇത്തരത്തിലുള്ള യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ ജനതാ ഓര്‍ഡിനറി ബസുകളുടെ കാര്യത്തിലും, അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകളുടെ കാര്യത്തിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം.

സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ബന്ധപ്പെട്ട യാത്രാക്കാര്‍ക്ക് കണ്ടക്ടര്‍ തന്നെ ലഭ്യമാക്കി കൊടുക്കണം. ഇത്തരത്തിലുള്ള യാത്രക്കാര്‍ എവിടെ നിന്നും കൈകാണിച്ചാലും ബസ് നിര്‍ത്തി അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൈക്കുഞ്ഞുമായി വരുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കണം. യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയതായി പരാതി ലഭിക്കുകയും തുടര്‍ന്ന് നടത്തുന്ന അന്വേഷണത്തില്‍ അത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.