ചൈനയുടെ ശത്രുവായ തായ്‌വാനുമായി വ്യാപാര ചര്‍ച്ചക്കൊരുങ്ങി കേന്ദ്രം

Posted on: October 20, 2020 5:55 pm | Last updated: October 20, 2020 at 5:55 pm

ന്യൂഡല്‍ഹി | ചൈനയുമായി അതിര്‍ത്തിയില്‍ പ്രശ്‌നം തുടരവെ, തായ്‌വാനുമായി വ്യാപാര ചര്‍ച്ചകള്‍ നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തായ്‌വാനെ ശത്രുവായാണ് ചൈന കാണുന്നത്. ഇന്ത്യയുമായി വ്യാപാര ചര്‍ച്ച നടത്താന്‍ വര്‍ഷങ്ങളായി ശ്രമം നടത്തുന്നുണ്ട് തായ്‌വാന്‍.

തായ്‌വാനുമായി വ്യാപാര കരാറുണ്ടാക്കുന്നത് ചൈനയുമായി പോരടിക്കുന്നതിന് കാരണമാകുമെന്നതിനാല്‍ മോദി സര്‍ക്കാര്‍ അത്തരമൊരു നീക്കത്തിന് മുതിര്‍ന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വ്യാപാര ചര്‍ച്ചക്കുള്ള നീക്കങ്ങള്‍ സജീവമാണ്. സാങ്കേതിവിദ്യ, ഇലക്ട്രോണിക്‌സ് മേഖലകളില്‍ വലിയ നിക്ഷേപങ്ങളാണ് തായ്‌വാനുമായുള്ള കരാറിലൂടെയുണ്ടാകുക.

സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദനത്തില്‍ നിക്ഷേപം നടത്താന്‍ തായ്‌വാന്റെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, വിസ്ട്രണ്‍ കോര്‍പ്, പെഗട്രണ്‍ കോര്‍പ് അടക്കമുള്ള കമ്പനികള്‍ക്ക് ഈ മാസമാദ്യം മോദി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ മേഖലയില്‍ 10.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപം നടത്താനായിരുന്നു അനുമതി. അതേസമയം, വ്യാപാര ചര്‍ച്ച എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ALSO READ  2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി ഡി പി എട്ട് ശതമാനം ഇടിയുമെന്ന് ഐ എം എഫ്