പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം; കെ എം ഷാജിക്ക് ഇ ഡി നോട്ടീസ്

Posted on: October 20, 2020 3:32 pm | Last updated: October 20, 2020 at 6:16 pm

കോഴിക്കോട് | കണ്ണൂരിലെ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ എം ഷാജി എം എല്‍ എ ഉള്‍പ്പെടെ 30 പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നോട്ടീസ്. പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2014ല്‍ 25 ലക്ഷം കോഴ കൈപ്പറ്റിയെന്നാണ് ആരോപണം. ഷാജിയെ ഇ ഡി ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. കേസില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നതിനിടെയാണ് ഇ ഡിയുടെ ഇടപെടല്‍.

ഇ ഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അഴിമതി ആരോപണം ആദ്യം ഉന്നയിച്ച ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, പി ടി എ ഭാരവാഹികള്‍, സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സി പി എം നേതാവ് കുടുവന്‍ പത്മനാഭന്‍ എന്നിവര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയതായാണ് വിവരം.

സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും ഷാജി 25 ലക്ഷം കോഴ വാങ്ങിയതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വിജിലന്‍സ് എഫ് ഐ ആറില്‍ പറയുന്നത്. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നുമാണ് ഇത് വ്യക്തമായതെന്നും വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിലുണ്ട്.