Connect with us

Malappuram

'മലപ്പുറത്തെ കുറിച്ചുള്ള മുന്‍വിധികള്‍ ഇല്ലാതാക്കിയത് ഉമര്‍ക്ക'- അനുഭവം പങ്കുവെച്ച് പി ആര്‍ ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍

Published

|

Last Updated

ലേഖകനൊപ്പം (നടുവിൽ) വി കെ ഉമർ (ഇടത്തേയറ്റം)

മലപ്പുറത്തെ കുറിച്ചുള്ള മുന്‍വിധികള്‍ ഒന്നൊന്നായി ഉരുകി ഇല്ലാതായതിന്റെ ക്രെഡിറ്റ് അന്നത്തെ സിറാജ് ബ്യൂറോ ചീഫ് വി കെ ഉമറിനാണെന്ന് അനുസ്മരിച്ച് കേരള പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സി ആര്‍ രാജ്‌മോഹന്‍. 2004- 06 കാലത്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി മലപ്പുറത്തെത്തിയപ്പോഴായിരുന്നു ഉമര്‍ക്കയുമായുള്ള സമ്പര്‍ക്കമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ രൂപം:

അതേ, ഉമ്മർക്കയും പോയി !
മലപ്പുറം ജില്ലാ ഇൻഫമേഷൻ ഓഫീസറായി
(2004 – 2006 )
ജോലിയ്‌ക്കെത്തുമ്പോൾ
സത്യമായും ഉള്ളിൽ ചില പേടി ഇല്ലാതിരുന്നില്ല.

മലപ്പുറത്തെക്കുറിച്ചു പുറത്തേയ്ക്ക് വന്നു കൊണ്ടിരുന്നവാർത്തകൾ എരിവും പുളിയും വേണ്ടുവോളം ചേർന്നതായിരുന്നല്ലോ അക്കാലത്തു.

പക്ഷേ, മാസങ്ങൾ കഴിയവേ മലപ്പുറത്തെക്കുറിച്ചുള്ള
എന്റെ മുൻവിധികൾ ഒന്നൊന്നായി ഉരുകി ഇല്ലാണ്ടായി.
അതിന്റെ ഫസ്റ്റ് ക്രെഡിറ്റ് അന്ന് സിറാജ് പത്രത്തിന്റെ
ബ്യുറോ ചീഫും, പിന്നീട് പ്രസ്സ് ക്ലബ് പ്രസിഡന്റുമായിരുന്ന

ഉമ്മർക്കയ്ക്കു തന്നെ.

എപ്പോഴും ചിരിച്ച മുഖം
ഒരു കറകളഞ്ഞ സൂഫിയുടെ സമീപനം.
ഇടയ്ക്കൊക്കെ വൈകുന്നേരങ്ങളിൽ ഓഫിസിൽ
ചില “എക്സ്ക്ലൂസിവുകൾ” തേടിയെത്തി
സൊറപറഞ്ഞു തുടങ്ങിയ ബാന്ധവം.
പിന്നീട് അതൊരു ജ്യേഷ്ഠാനുജ സൗഹൃദമായി വളർന്നു.
മലപ്പുറം പെരുമ പറഞ്ഞു തന്നവരിൽ ഇക്ക ഒരു
ആദ്യ പേരുകാരൻ തന്നെ. സംശയമില്ല.
ഇപ്പോൾ ഇന്ത്യൻ എക്സ്പ്രസിന്റെ ഫോട്ടോഗ്രാഫറായ
ചെങ്ങായി സനീഷ് അന്നു സിറാജിൽ ജോലിയുണ്ട്.
ആ സനീഷാണ് ഇക്കാ മയ്യത്തായ വിവരം അറിയിച്ചത്.

സനീഷേ.. നന്ദി.

നല്ല മൻസൻമാർ ഇങ്ങനെ ഓരോന്നായി നമ്മെ
വിട്ടു പോകുമ്പോൾ സങ്കടക്കടലുകൾ തീരുന്നില്ലല്ലോ.
മരണം ഒരു ജിന്നാണ്.
വേദനിപ്പിയ്ക്കുന്ന കള്ള ഹിമാറ്.
2005 ലെ പ്രസ്സ് ടൂറിൽ
ഇക്കയും നമ്മോടൊപ്പമുണ്ടായിരുന്നു.
സിക്കിം, ഇന്ത്യ – ടിബറ്റൻ ബോഡർ – നാഥുലാപാസ്,
ഡാർജിലിംഗ്, കൽക്കട്ടെ എന്നിവിടങ്ങളിലെ
ആ രണ്ടാഴ്ച നീണ്ട ടൂർ അനുഭവം എങ്ങനെ

മറക്കാനാണ്.

ദേശാഭിമാനിയിലെ രാമചന്ദ്രൻ,
മാധ്യമത്തിലെ ഉമർ ഫാറൂഖ്, ഫോട്ടോഗ്രാഫർമാരായ
ഉണ്ണി കോട്ടക്കൽ (മനോരമ ), സിനോജ് ( മാതൃഭൂമി ),
ജോൺസൺ (മാധ്യമം ) കൂടാതെ തൃശൂർ, പാലക്കാട്
ജില്ലകളിലെ പത്രപ്രവർത്തകരും ഉൾപ്പെട്ട ആ യാത്ര ഞങ്ങളുടെ വകുപ്പായ പി. ആർ. ഡി സംഘടിപ്പിച്ചത്

ഓർമയിൽ ഇന്നുമുണ്ട്..

സൗമ്യ സാന്നിധ്യമായി, വിനയാന്വിതനായി
ഒരു കാരണവരെപ്പോലെ മഫ്ലറുമൊക്കെ ചുറ്റി
സൂഫി ഗുരുവര്യനായി

ഉമ്മറിക്കയും ഞങ്ങളോടൊപ്പം.