തനിക്ക് വധഭീഷണിയെന്ന് കെ എം ഷാജി; ക്വട്ടേഷന്‍ ഉറപ്പിച്ച ശബ്ദരേഖ ഉടൻ പുറത്ത് വിടും

Posted on: October 19, 2020 2:28 pm | Last updated: October 19, 2020 at 2:37 pm

കണ്ണൂര്‍ | തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായി ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി എം എൽ എ പോലീസില്‍ പരാതി നല്‍കി. ബോംബെ ബന്ധമുള്ള പാപ്പിനിശേരി സ്വദേശിയാണ് തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയതെന്നും 25 ലക്ഷം രൂപക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ച ശബ്ദരേഖ  ഉടന്‍ പുറത്തുവിടുമെന്നും കെ എം ഷാജി അറിയിച്ചു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായി  ഇവർക്ക് ബന്ധമുണ്ടെന്ന് കരുതുന്നതായും നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ ഭീഷണിയെന്നും ഷാജി പറഞ്ഞു. പുറത്തുവിടാനിരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ള  ആളുകള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും വധ ഗൂഢാലോചന വ്യക്തമാകുന്നുവെന്നും ഷാജി ചൂണ്ടിക്കാട്ടി. ഇക്കാര്യം കെ എം ഷാജി പ്രതിപക്ഷ  നേതാവിനെ നേരില്‍ കണ്ട് അറിയിച്ചു.  ശബ്ദസന്ദേശമടക്കം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.