ജീവനക്കാരുടെ അശ്രദ്ധ; കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം

Posted on: October 19, 2020 12:48 pm | Last updated: October 19, 2020 at 6:05 pm

തിരുവനന്തപുരം | എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ അശ്രദ്ധമൂലം ചികിത്സ ലഭിക്കാതെ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കൊവിഡ് വാര്‍ഡുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവി വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി.

ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മെഡിക്കല്‍ കോജില്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയാണെന്ന തരത്തില്‍ നേഴ്സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വഷണം. ഹാരിസ് കൊവിഡ് ബാധിച്ച് ഐ സി യുവിലായിരുന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണ കാരണം. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

ആശുപത്രിയില്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് നേഴ്‌സുമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.
കീഴ്ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും സംഭാഷണത്തില്‍ പ്രതിപാദിക്കുന്നത്. സന്ദേശത്തിന്റെ അവസാനമാണ് ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യം പറയുന്നത്. ഇത്തരത്തിലുള്ള പിഴവുകള്‍ സംഭവിക്കുന്നതായും അവ ഒഴിവാക്കണമെന്നും പറയുന്നു.