തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ചുമതല അദാനിക്ക് തന്നെ

Posted on: October 19, 2020 11:45 am | Last updated: October 19, 2020 at 5:16 pm

തിരുവനന്തപുരം തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചമുത അദാനിക്ക് നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ ഹൈക്കോടതി തള്ളി. ഹര്‍രജികളിന്മേലുള്ള വിശദവാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.

തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലക്ക് നല്‍കിയത് പൊതുജന താല്‍പര്യാര്‍ഥമെടുത്ത നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. കേരളത്തിന്റെ ആവശ്യപ്രകാരം ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടും സര്‍ക്കാര്‍ പരാജപ്പെട്ടെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

വിമാനത്താവളങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടത്തിപ്പ് ചുമതല ടെന്‍ഡറിലൂടെ സ്വകാര്യ സംരഭകര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ഇതിനെതിരെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. പിന്നീട് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വീണ്ടും വാദം കേള്‍ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു പുറമേ കെ എസ് ഐ ഡി സി, എയര്‍ പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ എന്നിവരാണ് ഹരജി നല്‍കിയത്.