Connect with us

Editorial

അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ താക്കീതാകണം

Published

|

Last Updated

ഇന്ത്യയുടെ പൊതു സാമ്പത്തിക നിലയെ കുറിച്ചും ഭക്ഷ്യ സ്വയംപര്യാപ്തതയെ കുറിച്ചും ഗൗരവതരമായ മുന്നറിയിപ്പുകള്‍ നല്‍കുന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. തീവ്ര വലതുപക്ഷ അജന്‍ഡകളുമായി മുന്നോട്ടു പോകുകയും മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ പാടേ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാറിനുള്ള ശക്തമായ താക്കീതാണ് ഈ റിപ്പോര്‍ട്ടുകള്‍. ഇവ ഇന്ത്യയെ അപമാനിക്കാന്‍ തയ്യാറാക്കുന്നതാണെന്നും വിശ്വസിക്കരുതെന്നും സര്‍ക്കാറിനെ പിന്തുണക്കുന്നവര്‍ പറയുന്നു. ഡാറ്റകളും സര്‍വേകളും അങ്ങേയറ്റം നിഷ്പക്ഷമാണെന്നോ അവയുടെ പിന്നില്‍ സ്ഥാപിത താത്പര്യങ്ങള്‍ ഒട്ടുമില്ലെന്നോ ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ പട്ടിണി സൂചികയിലും ജി ഡി പി വളര്‍ച്ചയിലുമൊക്കെ വരുന്ന റിപ്പോര്‍ട്ടുകളും അനുമാനങ്ങളും ഗൗരവതരമായ ചില വസ്തുതകള്‍ മുന്നോട്ട് വെക്കുന്നുണ്ട് എന്ന് സമ്മതിച്ചേ മതിയാകൂ.

നയരൂപവത്കരണത്തിന് വഴികാട്ടിയാകേണ്ട യാഥാര്‍ഥ്യങ്ങളായി അവയെ കാണുകയാണ് വേണ്ടത്.
ഇന്റര്‍നാഷനല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കുന്ന ആഗോള വിശപ്പ് സൂചിക (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്) ഇന്ത്യയിലെ ഭീതിദമായ സ്ഥിതിവിശേഷത്തിലേക്കാണ് വെളിച്ചം വീശുന്നത്. 107 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 94ാമത് ആണ്. സുഡാനൊപ്പമാണ് ഇന്ത്യ. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് സൂചികയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. മോശം പ്രകടനത്തിന് കൂടുതല്‍ പോയിന്റ് എന്ന നിലയിലാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. പൂജ്യം പോയിന്റാണ് ഏറ്റവും മികച്ച സ്‌കോര്‍. സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പട്ടിണി കുറഞ്ഞ രാജ്യങ്ങള്‍, മധ്യമ വിഭാഗം, ഗുരുതരം, ഭയാനകം, അതീവ ഭയാനകം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യ ഗുരുതര വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സ്‌കോര്‍ 27.2 ആണ്. കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ 102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 30.03 ആയിരുന്നു അന്ന് ലഭിച്ച സ്‌കോര്‍. നേപ്പാള്‍ (73), പാക്കിസ്ഥാന്‍ (88), ബംഗ്ലാദേശ് (75), ഇന്തോനേഷ്യ (70) എന്നിങ്ങനെയാണ് ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. നേപ്പാള്‍ പട്ടിണിയുടെ കാര്യത്തില്‍ തീക്ഷ്ണത കുറഞ്ഞ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് ഗുരുതര വിഭാഗത്തിലാണെങ്കിലും 20.4 ആണ് സ്‌കോര്‍. പാക്കിസ്ഥാന്‍ ഗുരുതര വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

എന്താണ് ഈ റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാക്കേണ്ടത്? രാജ്യത്തെ സമ്പന്നര്‍ അതി സമ്പന്നരാകുമ്പോഴും വലിയൊരു ശതമാനം ജനത പട്ടിണിക്കാരായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സ്വത്തില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായ കുതിപ്പിന്റെ കണക്ക് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. അംബാനിയുടെ സ്വത്തില്‍ 2,730 കോടി ഡോളറിന്റെ വര്‍ധനവ് ഉണ്ടായെന്നാണ് ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട കണക്ക്. അങ്ങനെ അദ്ദേഹത്തിന്റെ സ്വത്ത് മൊത്തത്തില്‍ 8,870 കോടി ഡോളറായി. അദാനിയുടെ സ്വത്തില്‍ 61 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് മണിക്കൂറില്‍ 90 കോടി സമ്പാദിക്കാന്‍ മുകേഷ് അംബാനിയുടെ കമ്പനിക്ക് സാധിച്ചുവെന്ന് മറ്റൊരു കണക്കും പുറത്ത് വന്നിരുന്നു. അപ്പോള്‍ രാജ്യം വളരുന്നില്ലെന്ന് പറഞ്ഞു കൂടാ. ഈ അതിസമ്പന്നര്‍ വളര്‍ന്നാലും ജി ഡി പി കണക്ക് ഉയരുമല്ലോ. ഇതില്‍ നിന്ന് രാജ്യത്തെ ദരിദ്ര കോടികള്‍ക്ക് എന്ത് കിട്ടുന്നുവെന്നതാണ് ചോദ്യം. സര്‍ക്കാറിന്റെ ഓരോ നയവും ഈ പട്ടിണിപ്പാവങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്. നോട്ടു നിരോധനവും ജി എസ് ടിയുമൊക്കെ നിശ്ചലമാക്കി കളഞ്ഞത് നാട്ടിലെ ചെറു സംരംഭങ്ങളെയാണ്. വന്‍കിടക്കാര്‍ക്ക് അപ്പോഴെല്ലാം രക്ഷാപാക്കേജുകള്‍ കിട്ടിക്കൊണ്ടിരിക്കും. ഒരു നയം ആവിഷ്‌കരിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും ദുര്‍ബലനെ മനസ്സില്‍ കാണണമെന്ന് പറഞ്ഞ രാഷ്ട്ര പിതാവിനെ നോട്ടിലെ പടമാക്കിയും സ്വച്ഛ് ഭാരതിന്റെ പരസ്യമോഡലാക്കിയും അധഃപതിപ്പിച്ച് കളഞ്ഞിരിക്കുന്നുവല്ലോ.

കൊവിഡ് പശ്ചാത്തലത്തില്‍ ഈ സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഉത്തേജക പാക്കേജുകള്‍ ആരെയാണ് സഹായിച്ചത്? ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം തൊഴില്‍ മേഖലയില്‍ നിന്ന് പറിച്ചെറിയപ്പെട്ട് തെരുവില്‍ അലഞ്ഞ മനുഷ്യര്‍ക്ക് നേരിട്ട് ആശ്വാസമെത്തിക്കുന്ന ഒന്നും അതിലുണ്ടായിരുന്നില്ല. തൊഴില്‍ ദാതാക്കളായിരുന്ന പൊതു മേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ നിസ്വരായ മനുഷ്യരുടെ പ്രതീക്ഷക്ക് മുന്നില്‍ ഇരുട്ട് പരത്തുന്നതാണല്ലോ. കൊവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റി ലാഭം കൊയ്യുന്നവര്‍ ഒരു ഭാഗത്ത്. ഉള്ള തൊഴിലും നഷ്ടപ്പെട്ട് മുഴുപ്പട്ടിണിയിലേക്ക് എടുത്തെറിയപ്പെട്ടവര്‍ മറുഭാഗത്ത്.

പോഷകാഹാര കുറവ്, ശിശു മരണം, നവജാത ശിശുക്കളിലെ ഭാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ് തുടങ്ങിയവയാണ് ഇന്ത്യയെ ആഗോള വിശപ്പ് സൂചികയില്‍ ഗുരുതരാവസ്ഥയിലെത്തിച്ചത്. ഈ പ്രതിസന്ധി അനുഭവിക്കുന്നത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഗ്രാമീണരുടെയും മക്കളാണെന്നോര്‍ക്കണം. അവര്‍ മറ്റുള്ളവരെ തീറ്റിപ്പോറ്റുന്നവരാണ്. എല്ലുമുറിയെ പണിതിട്ടും പല്ലു മുറിയാന്‍ പോയിട്ട് പശിയടക്കാനുള്ള പങ്ക് അവര്‍ക്ക് കിട്ടുന്നില്ല എന്ന് വന്നാല്‍ എന്ത് ഹരിതവിപ്ലവമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്? ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് കണക്കുകള്‍ നിരത്തി സമര്‍ഥിക്കുമ്പോഴാണ് ഈ കുഞ്ഞുങ്ങള്‍ പോഷകാഹാരമില്ലാതെ മരിക്കുന്നത്. ക്രയശേഷിയുടെ പ്രശ്‌നമാണിത്. സര്‍വവും വിപണിവത്കരിക്കപ്പെട്ട സാഹചര്യത്തില്‍ വാങ്ങിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് അതിജീവിക്കാനാകില്ല. ദരിദ്രര്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് അവരുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയാണ്. ഇവിടെയാണ് സര്‍ക്കാറിന്റെ ശരിയായ ഇടപെടല്‍ അനിവാര്യമാകുന്നത്. ഒപ്പം പൊതു വിതരണ സമ്പ്രദായം കാര്യക്ഷമമാകണം. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ സമയമായിട്ടില്ല. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളുടെ മാതൃകയല്ല നാം സ്വീകരിക്കേണ്ടത്. മുന്‍ഗണനകള്‍ മാറിയേ തീരൂ. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കണം. ഓരോ പ്രദേശത്തിന്റെയും പ്രശ്‌നങ്ങള്‍ വിഭിന്നമാണ്. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പ്രത്യേക കണക്കെടുക്കണം. പോഷകാഹാരം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജാഗ്രതാ സംവിധാനങ്ങള്‍ ഉണ്ടാകണം.