Connect with us

Ongoing News

രണ്ട് സൂപ്പർ ഓവറുകൾ; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയം പഞ്ചാബിന്

Published

|

Last Updated

ദുബൈ |  ഒറ്റക്കളി, രണ്ട് സൂപ്പർ ഓവറുകൾ. ഒടുവിൽ   പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരും അവസാനക്കാരും ഏറ്റുമുട്ടിയ ഐ പി എല്ലിലെ 36ാം മത്സരത്തിന് ആവേശകരമായ അന്ത്യം. മുബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സ് ഇലവന് അവിസ്മരണീയ ജയം. വിജയമെന്നുറപ്പിച്ച ഇരുപതോവർ മത്സരവും ഒന്നാം സൂപ്പർ ഓവറും തുല്യത പാലിച്ച് രണ്ടാം സൂപ്പർ ഓവറിൽ 12 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനായി ആദ്യ പന്ത് സിക്സർ പായിച്ച ക്രിസ് ഗെയിലാണ് പ്രതീക്ഷക്ക് വക നൽകിയത്. രണ്ട് പന്ത് ബാക്കി നിൽക്കെ മായങ്ക് അഗർവാൾ ബൗണ്ടറി നേടിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

ഒന്നാം സൂപ്പർ ഓവറിൽ പഞ്ചാബ് അഞ്ച് റൺസ് മാത്രമാണെടുത്തത്. രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് മുന്നിൽ മുഹമ്മദ് ശമിയുടെ മികച്ച ബൗളിംഗ് വിജയത്തിന് വിലങ്ങ് നിന്നു. സ്കോർ തുല്യത പാലിച്ചതിനാൽ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ ഒറ്റയാൾ പോരാട്ടത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് അട്ടിമറി വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബുംറയുടെ തീപാറും പന്തിൽ എല്ലാം തകർന്നടിഞ്ഞു. എന്നാൽ ഹൂഡയുടെയും ജോർഡന്റെയും കൂട്ടുകെട്ടിൽ പഞ്ചാബ് സമനില പിടിക്കുകയായിരുന്നു.  ടോസ് നേടിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിരയില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ മുന്നില്‍ നിന്ന് നയിച്ചു. മായങ്ക് അഗര്‍വാള്‍, മാക്‌സ്വെല്‍ തുടങ്ങിയവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഗെയ്ല്‍, പുരാന്‍ എന്നിവര്‍ കൂറ്റനടിയിലൂടെ പ്രതീക്ഷ പകര്‍ന്നു. എങ്കിലും ഗെയ്‌ലും പുരാനും 24 റണ്‍സെടുത്ത് മടങ്ങി.

മുംബൈ ബോളിംഗിൽ ബുംറയാണ് തിളങ്ങിയത്. നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് രാഹുലിന്റെ അടക്കം മൂന്ന് വിക്കറ്റുകൾ അദ്ദേഹം പിഴുതു. മറ്റൊരു താരം ചാഹറും ഗെയ്ലിന്റെയടക്കം പ്രധാന രണ്ട് വിക്കറ്റുകളെടുത്തു. നാല് ഓവറിൽ 33 റൺസാണ് താരം വിട്ടുകൊടുത്തത്.

മുംബൈ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിളങ്ങിയില്ലെങ്കിലും ഡികോക്കും ഹര്‍ദിക് പാണ്ഡ്യയും പൊള്ളാര്‍ഡും റണ്‍സ് അടിച്ചുകൂട്ടി. ഡികോക്കിന്റെ അര്‍ധ സെഞ്ച്വറി മികവാണ് മുംബൈക്ക് നിര്‍ണായകമായത്. 43 ബോളില്‍ 53 റണ്‍സ് ഡികോക്ക് അടിച്ചെടുത്തു. ഹര്‍ദിക് പാണ്ഡ്യ 34ഉം പൊള്ളാര്‍ഡ് 34ഉം റണ്‍സെടുത്തപ്പോള്‍ നീല്‍ 24 റണ്‍സെടുത്തു.

പഞ്ചാബിന് വേണ്ടി ഷമിയും അര്‍ഷ്ദീപ് സിംഗും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് ജോര്‍ഡന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു.

Latest