സാഹിത്യോത്സവിൽ അഞ്ചാമതും മലപ്പുറം ഈസ്റ്റ് ചാമ്പ്യന്മാർ

Posted on: October 18, 2020 7:23 pm | Last updated: October 19, 2020 at 10:04 am

കോഴിക്കോട് |  രണ്ട് ദിനങ്ങളിലായി നടന്ന സാഹിത്യോത്സവിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ  മലപ്പുറം ഈസ്റ്റ് ജില്ല  ഓവറോൾ കിരീടം നിലനിർത്തി. മലപ്പുറം വെസ്റ്റ് രണ്ട് കോഴിക്കോട് മൂന്ന് സ്ഥാനങ്ങൾ നേടി. തുടർച്ചയായ അഞ്ചാം തവണയാണ് മലപ്പുറം ജില്ല (ഈസ്റ്റ്) സാഹിത്യോത്സവ് ജോതാക്കളാകുന്നത്.

കൊവിഡ് സാഹചര്യത്തിൽ ഓൺലൈനായി നടന്ന സാഹിത്യോത്സവിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയിൽ നിന്നുമുള്ള ആയിരത്തോളം പ്രതിഭകളാണ്  പങ്കെടുത്തത്.

ഫൈനൽ പോയിന്റ്

സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ സാഹിത്യ കഴിവുകളെ പരിപോഷിപ്പിക്കുകയും, സാമൂഹിക, സാംസ്‌കാരിക ഇടപെടലുകള്‍ക്ക് അവരെ സജ്ജമാക്കുകയും ചെയ്യുന്ന സാഹിത്യോത്സവ് മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് കാന്തപുരം പറഞ്ഞു. അധാര്‍മ്മികതകളില്‍ നിന്ന് വിട്ട് നില്‍ക്കുകയും, അനീതിക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി യൗവ്വനങ്ങളാണ് വളര്‍ന്നു വരേണ്ടത്. അതിനനുസരിച്ച് അവരെ പാകപ്പെടുത്താന്‍ സമൂഹവും, അധ്യാപകരും, രക്ഷിതാക്കളും തയ്യാറാകണം. നന്‍മയുടെ പ്രവര്‍ത്തകരും, പ്രചാരകരുമായി മാറാന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വരണം. ഭീകരവാദവും, തീവ്രവാദവും ഇസ് ലാമിനന്യമാണെന്നും അത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും. അദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദവും, മത മൈത്രിയും നിലനിര്‍ത്തി സമാധാനപൂര്‍ണ്ണമായ സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും കാന്തപുരം കൂട്ടി ചേര്‍ത്തു.

കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ സി.ആര്‍.കെ മുഹമ്മദ്, നിസാമുദ്ദീന്‍ ഫാളിലി, ഹാമിദലി സഖാഫി പ്രസംഗിച്ചു