Connect with us

Kerala

മുഖ്യമന്ത്രി പോയിന്റ് ഓഫ് കോണ്‍ടാക്റ്റായി നിയമിച്ചു; സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്‌ന പല തവണ സമീപിച്ചെന്നും ശിവശങ്കറിന്റെ മൊഴി

Published

|

Last Updated

കൊച്ചി | കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാനായി സ്വപ്ന സുരേഷ് സമീപിച്ചിരുന്നുവെന്ന് എം ശിവശങ്കറിന്റെ മൊഴി. യു എ ഇ കോണ്‍സുലേറ്റിന് സര്‍ക്കാറുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്ടറ് താനായിരുന്നുവെന്നും ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടുന്നതിനായി രണ്ട് തവണ സ്വപ്ന ബന്ധപ്പെട്ടുവെന്നും രണ്ട് തവണയും താന്‍ തയ്യാറായില്ലെന്നും ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് മൊഴി നല്‍കി.

സ്വപ്ന നല്‍കിയ മൊഴിയിലെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് എന്ന ഭാഗത്ത് ചെറിയ തിരുത്ത് എം ശിവശങ്കര്‍ കൊണ്ടുവരുന്നുണ്ട്. 2017ല്‍ ക്ലിഫ് ഹൗസില്‍ വെച്ച് കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നുവെന്നും അതില്‍ കോണ്‍സുലിന്റെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് ആയി എം ശിവശങ്കറിനെ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്നതാണ് സ്വപ്ന പറഞ്ഞത്. അത് പക്ഷേ ശിവശങ്കര്‍ തിരുത്തുകയാണ്.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി 2016ല്‍ തന്നെ മുഖ്യമന്ത്രി തന്നെ അധികാരപ്പെടുത്തിയിരുന്നു എന്നാണ് എം ശിവശങ്കര്‍ പറയുന്നത്. സ്വപ്ന സുരേഷ് മൊഴിയില്‍ പറഞ്ഞ 2017ലെ കൂടിക്കാഴ്ചയെ ശിവശങ്കര്‍ തള്ളിക്കളഞ്ഞു. അത്തരത്തിലൊരു കൂടിക്കാഴ്ച ഉണ്ടായോ ഇല്ലയോ എന്ന് തനിക്കറിയില്ല എന്നാണ് ശിവശങ്കറിന്റെ മൊഴി.

സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് ഒരു താല്‍ക്കാലിക നിയമനമാണ് അത് മുഖ്യമന്ത്രി അറിയേണ്ടതില്ല എന്നതാണ് അദ്ദേഹം അതിന് നല്‍കുന്ന വിശദീകരണം.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലടക്കം പല തവണ കണ്ടിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയില്‍ മറുപടിയില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കള്ളക്കടത്ത് സ്വര്‍ണം പൊട്ടിച്ച് പരിശോധിക്കുന്നതിന്റെ തലേ ദിവസം രാത്രി സ്വപ്നയും ഭര്‍ത്താവും തന്റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാറ്റ് മാറുന്നതുമായി ബന്ധപ്പെട്ടാണ് അവര്‍ എത്തിയതെന്നും അവരുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നുവെന്നും അദ്ദേഹം ഇഡിയോട് സമ്മതിച്ചിട്ടുണ്ട്.

കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സഹായവും സ്വപ്നക്ക് നല്‍കിയിട്ടില്ലെന്നും എം ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അടക്കം ഇത്തരത്തില്‍ കൊണ്ടുവരാറുണ്ടെന്നും അത് വില്‍പ്പന നടത്താറുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കള്ളക്കടത്ത് സാഘങ്ങള്‍ എത്തിക്കാറുണ്ടെന്നും അത് ബീമാപള്ളിയില്‍ വില്‍ക്കുകയാണ് പതിവെന്നുമാണ് സ്വപ്ന പറഞ്ഞിരുന്നത്. “കോണ്‍സുല്‍ ഈസ് ഈറ്റിംഗ് മാംഗോസ്” എന്ന കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിക്കാറുള്ളതെന്നും സ്വപ്ന അറിയിച്ചിരുന്നു. എന്നാല്‍ സ്വര്‍ണമാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് ഒരു ഘട്ടത്തിലും പറയുകയോ സഹായം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമാണ് എം ശിവശങ്കര്‍ വിശദീകരിക്കുന്നത്.

Latest