ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

Posted on: October 18, 2020 12:59 pm | Last updated: October 18, 2020 at 2:56 pm

ബെംഗളുരു |  കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ മഗഡിയില്‍ ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവിനേയും പ്രായപൂര്‍ത്തിയാകാത്ത ഒരു മകനും ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഗഡി താലൂക്കിലെ ബേതഹല്ലി ഗ്രാമത്തിലാണ് സംഭവം.

18കാരിയായ ബി കോ വിദ്യാര്‍ഥിയായ പെണ്‍കുട്ടിക്ക് 20കാരനായ ദളിത് യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് പെണ്‍കുട്ടി ബന്ധം തുടര്‍ന്നതോടെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പരാതി നല്‍കിയ കുടുബം സംഭവത്തിന് പിന്നില്‍ മകളുടെ സുഹൃത്തായ യുവാവാണെന്നും ആരോപിച്ചു.

എന്നാല്‍ മഗഡിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിനാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. യുവാവിനേയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ നിരപരാധിയാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്തത്