National
രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും അപഹരിക്കാന്‍ ആരെയും അനുവദിക്കില്ല: അമിത് ഷാ

ന്യൂഡല്‍ഹി | രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും അപഹരിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നമ്മുടെ ഭൂമി കാത്ത് സൂക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തും. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ പ്രതിരോധ സേനക്ക് കഴിവുണ്ടെന്നും ന്യൂസ് 18 ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.
ലഡാക്കില്‍ സംഘര്‍ഷം കുറക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സൈനിക, നയതന്ത്ര നടപടികളും സ്വീകരിക്കും. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയാറാണെന്നും അമിത് ഷാ പറഞ്ഞു. എല്ലാ രാജ്യങ്ങളും യുദ്ധത്തിന് തയാറാണ്. സൈന്യത്തെ പരിപാലിക്കുന്നതിന്റെ ഉദ്ദേശ്യം ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കുക എന്നതാണ്. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമര്‍ശിച്ചല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ ഇന്ത്യയുടെ പ്രതിരോധ സേന എപ്പോഴും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.