Connect with us

Editorial

നിയമവാഴ്ചയുടെ എതിര്‍ വാഴ്ചയാണ് മാധ്യമ വിചാരണ

Published

|

Last Updated

സമാന്തര കോടതികളായി മാറിയിരിക്കുകയാണ് ഇന്ന് മാധ്യമങ്ങള്‍. പ്രമാദമായ പല കേസുകളിലും കോടതികള്‍ വിചാരണാ നടപടികളിലേക്ക് കടക്കും മുമ്പേ ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ ജഡ്ജിമാരുടെ റോളില്‍ പ്രത്യക്ഷപ്പെട്ട് കേസുകളെ സംബന്ധിച്ച് ചര്‍ച്ചകളും നിഗമനങ്ങളും തെളിവെടുപ്പുമെല്ലാം നടത്തുന്നതും സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കലുമെല്ലാം ഇന്നൊരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസ്, സുശാന്ത് സിംഗ് രജ്പുതിന്റെ മരണം, സുനന്ദ പുഷ്‌കര്‍ കേസ്, കൂടത്തായി കൊലപാതക പരമ്പര, സ്വര്‍ണക്കടത്ത് തുടങ്ങിയ കേസുകളിലെല്ലാം മാധ്യമ വിചാരണകള്‍ അരങ്ങേറുകയുണ്ടായി.

ക്രിമിനല്‍ കേസുകളിലെ ഈ മാധ്യമ കടന്നുകയറ്റത്തെയും അതിന് സഹായകമാകും വിധം കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്ന പോലീസ് നടപടിയെയും വ്യാഴാഴ്ച ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. കോടതിയുടെ പരിഗണനയിലുള്ള ക്രിമിനല്‍ കേസിന്റെ അന്വേഷണ വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിക്കുന്നതും മാധ്യമങ്ങള്‍ അവ പ്രസിദ്ധപ്പെടുത്തുന്നതും കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി അറിയിച്ചു.

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് കോടതിയുടെ മാര്‍ഗനിര്‍ദേശം പാലിക്കാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാമെന്ന് ഓര്‍മിപ്പിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍, കോടതിയുടെ നിർദേശങ്ങള്‍ ലംഘിച്ചാല്‍ പ്രത്യാഘാതം ഗൗരവതരമായിരിക്കുമെന്നും ഓര്‍മിപ്പിച്ചു. കോടതിക്ക് തെളിവുകള്‍ മാത്രമേ കണക്കിലെടുക്കാനാകൂ. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കേസിൽ ‍കോടതി എടുക്കുന്ന തീരുമാനം മുമ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളുമായി ഒത്തുപോകണമെന്നില്ല. ഇത് പൊതുസമൂഹത്തിന് കോടതി വിധിയില്‍ സംശയത്തിനിടയാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് കേസില്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ രൂക്ഷ വിമര്‍ശം. തെളിവു നിയമത്തിലെ വകുപ്പ് 24 പ്രകാരം പ്രതി പോലീസിന് നല്‍കുന്ന കുറ്റസമ്മത മൊഴിയിലെ വാക്കുകള്‍ തെളിവായി കോടതി സ്വീകരിക്കില്ലെന്ന് അറിയിച്ച കോടതി, പോലീസുദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും ഇക്കാര്യം മനസ്സിലായിട്ടില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരും അവതാരകരും ബ്രേക്കിംഗ് ന്യൂസ് ചമയ്ക്കുമ്പോഴും ചര്‍ച്ച നടത്തുമ്പോഴും തെളിവു നിയമം എന്താണെന്ന് അറിയാന്‍ ശ്രമിക്കണമെന്നും കോടതി ഉണര്‍ത്തി. കൂടത്തായി കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഓരോ ദിവസവും പ്രതിയെ ചോദ്യം ചെയ്ത വിവരങ്ങള്‍ മാധ്യമങ്ങള്‍ വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. ഉദ്യോഗസ്ഥന്‍ പ്രതിയോട് ചോദിക്കാന്‍ ഉദ്ദേശിക്കുന്നതും അതിന് ലഭിക്കാവുന്നതുമായ വിവരങ്ങള്‍ വരെ മാധ്യമങ്ങളില്‍ വന്നുകഴിഞ്ഞിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. എവിടെ നിന്നാണ് മാധ്യമങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കുന്നതെന്നും കോടതി ചോദിക്കുന്നു.

കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതിയും സമാനമായ രൂപത്തിൽ ആഞ്ഞടിച്ചിരുന്നു, ക്രിമിനല്‍ കേസിലെ മാധ്യമ വിചാരണക്കെതിരെ. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ചാനല്‍ വഴി നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ ശശി തരൂര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഈ പരാമര്‍ശം. അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉന്നയിച്ച് സമാന്തര കോടതി ഒരുക്കി മാധ്യമ വിചാരണ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് അര്‍ണബ് ഗോസ്വാമിയെ ഉണര്‍ത്തിയ ജസ്റ്റിസ് മുക്ത ഗുപ്ത, കോടതി തീര്‍പ്പിന് മുമ്പ് കുറ്റവാളിയെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാന്‍ ശ്രമിക്കരുതെന്നും തെളിവില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. മാധ്യമ വിചാരണ നി
യമവാഴ്ചയുടെ എതിര്‍വാഴ്ചയാണെന്നാണ് മഹാരാഷ്ട്ര സര്‍ക്കാറും രാജേന്ദ്ര പി ഗാന്ധിയും തമ്മിലുള്ള കേസില്‍ 1997ല്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

ജനാധിപത്യത്തിന്റെ നാലാം തൂണെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. കര്‍ത്തവ്യ നിർവഹണത്തില്‍ സത്യസന്ധതയും പ്രതിബന്ധതയും നിലനിര്‍ത്തി മുന്നോട്ടുപോകുമ്പോഴാണ് ജനാധിപത്യക്രമത്തിന് അത് മുതല്‍ക്കൂട്ടാകുന്നത്. അതാണ് ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തനവും. ഒരു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാവുകയോ ചോര്‍ന്നു കിട്ടുകയോ ചെയ്താല്‍ വളച്ചുകെട്ടില്ലാതെ നേരെചൊവ്വേ പ്രസിദ്ധീകരിക്കുകയാണ് മാധ്യമ ധര്‍മം. ഇത്തരം റിപ്പോര്‍ട്ടിംഗിനോട് കോടതികള്‍ക്കും എതിര്‍പ്പുണ്ടാകില്ല. ലഭ്യമാകുന്ന വിവരങ്ങള്‍ വെച്ച് കഥകള്‍ മിനഞ്ഞെടുക്കുകയും സ്വയം പ്രതികളെ കണ്ടെത്തുകയുമൊക്കെ ചെയ്യുന്നതാണ് കോടതികളെ ചൊടിപ്പിക്കുന്നത്.

പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്ന് നിരീക്ഷിക്കപ്പെട്ട സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന് സ്ഥാപിക്കാന്‍ കഥകള്‍ മെനഞ്ഞതാണ് റിപ്പബ്ലിക് ചാനലും അര്‍ണബ് ഗോസ്വാമിയും ഡല്‍ഹി ഹൈക്കോടതിയുടെ തീഷ്ണ വിമര്‍ശത്തിന് വിധേയമാകാന്‍ കാരണം. ഇത്തരം മാധ്യമ വിചാരണകള്‍ കോടതികളെയും ന്യായാധിപന്മാരെയും സംബന്ധിച്ച തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് മാത്രമല്ല, കോടതി വിധികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. പാനൂര്‍ സോമന്‍ കേസ്, പോളക്കുളം നാരായണന്‍ കേസ് തുടങ്ങിയ ചില കേസുകളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് ജസ്റ്റിസ് കെ ടി തോമസ് പറയുന്നത്.
പോളക്കുളം നാരായണന്‍ ഒന്നാം പ്രതിയായ ഹോട്ടല്‍ ജീവനക്കാരന്‍ പീതാംബരന്റെ മരണം തീര്‍ത്തും ആത്മഹത്യയായിരുന്നുവെന്നാണ് ജസ്റ്റിസ് കെ ടി തോമസ് തറപ്പിച്ചു പറയുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് അത് കൊലപാതകമാണെന്നായിരുന്നു. സമൂഹവും മാധ്യമങ്ങളുടെ തീര്‍പ്പിനെ വിശ്വസിച്ചു. കോടതിക്ക് ഇതുസംബന്ധിച്ച തെളിവൊന്നും ലഭിച്ചിരുന്നില്ല. എന്നിട്ടും ജാമ്യം പോലും നിഷേധിച്ച് പ്രതിക്ക് തടവുശിക്ഷ വിധിക്കാനിടയായത് മാധ്യമങ്ങളുടെ അനാവശ്യമായ ഇടപെടൽ മൂലമാണെന്ന് 2016 ജനുവരി 24ന് കൊച്ചിയില്‍ നടന്ന ക്രിമിനല്‍ വൈജ്ഞാനിക സമ്മേളനത്തിലാണ് ജസ്റ്റിസ് തോമസ് അഭിപ്രായപ്പെട്ടത്.

Latest