സെഞ്ച്വറിയുമായി ധവാന്റെ ഒറ്റയാൾ പോരാട്ടം; വിജയമാവർത്തിച്ച് ഡൽഹി

Posted on: October 17, 2020 11:21 pm | Last updated: October 18, 2020 at 8:34 am

ഷാര്‍ജ | ഐ പി എല്ലിന്റെ 34ാം മത്സരത്തില്‍ ശിഖർ ധവാൻറെ സെഞ്ച്വറി മികവിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയത്തുടർച്ച. ഒരുവേള പരാജയം ഉറ്റുനോക്കിയ ഡൽഹി ഒരു ബോൾ അവശേഷിക്കെ അഞ്ച് വിക്കറ്റിൻറെ ആധികാരിക വിജയം നേടുകയായിരുന്നു. നിശ്ചിത ഓവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

രണ്ട് ബോള്‍ നേരിട്ട പൃഥ്വി ഷാ സംപൂജ്യനായി മടങ്ങിയത് ഡല്‍ഹിയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ശിഖര്‍ ധവാന്‍ ഒരറ്റത്ത് സ്ഥിര പ്രകടനം കാഴ്ചവെച്ചത് ഡല്‍ഹിക്ക് പ്രതീക്ഷ പകര്‍ന്നു. പൃഥ്വി ഷായെ പുറത്താക്കിയ ചാഹര്‍ തന്നെ ഏറെ വൈകാതെ ഡല്‍ഹിയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന അജിങ്ക്യ രഹാനെയെ എട്ട് റണ്‍സിന് പുറത്താക്കിയത് ഇരട്ട പ്രഹരമായി. എന്നാല്‍, ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരെയും ശേഷം സ്റ്റോണിസിനെയും കൂട്ടുപിടിച്ച് ഡല്‍ഹിയെ കരകയറ്റുകയായിരുന്നു ധവാന്‍. ശ്രേയാസ് അയ്യര്‍ 23 റണ്‍സെടുത്ത് പുറത്തായി.

ചെന്നൈ ബോളിംഗ് നിരയില്‍ ചാഹര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയെന്ന് മാത്രമല്ല, ഒരു ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുത്തതുമില്ല. ഷര്‍ദുല്‍ ഠാക്കൂറും ബ്രാവോയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് ലഭിച്ച ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സാം കറന്റെ വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈയെ ഡുപ്ലിസിയും വാട്ട്‌സണും അമ്പാട്ടി റായിഡുവും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. 47 ബോളില്‍ 58 റണ്‍സെടുത്ത ഡുപ്ലിസിയാണ് ചെന്നൈക്ക് കരുത്തായത്. കൂടെ 36 റണ്‍സെടുത്ത വാട്‌സണുമുണ്ടായിരുന്നു. അമ്പാട്ടി റായിഡു 45ഉം ജഡേജ 33ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ എം എസ് ധോണി മൂന്ന് റണ്‍സ് മാത്രമാണെടുത്തത്.

ഡല്‍ഹിയുടെ ബോളിംഗ് നിരയില്‍ ആന്റിച്ച് നോര്‍യെ രണ്ട് വിക്കറ്റ് നേടി. റബഡ, ദേശ്പാണ്ഡെ എന്നിവര്‍ ഒന്ന് വീതം വിക്കറ്റുകള്‍ നേടി.