പ്രവാചക ദര്‍ശനം വിദ്യാര്‍ഥികളില്‍ മാനവിക ബോധം വളര്‍ത്തും: കുമ്പോല്‍ തങ്ങള്‍

Posted on: October 17, 2020 9:34 pm | Last updated: October 17, 2020 at 9:35 pm

ദേളി | ലോകത്തിനു വഴികാട്ടിയായ മുഹമ്മദ് നബിയുടെ ജീവിതവും ദര്‍ശനവും ഇളം തലമുറയില്‍ പകര്‍ന്നു നല്‍കുന്നത് മാനവിക ബോധം വളര്‍ത്താന്‍ സഹായകമാകുമെന്ന്  സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു.

വിദ്യാര്‍ഥികളെ സംസ്‌കരിച്ചെടുക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. അവരുടെ സമുദ്ധാരണത്തിലൂടെയാണ് നല്ല ഭാവി പ്രതീക്ഷിക്കേണ്ടതെന്നും തങ്ങള്‍ പറഞ്ഞു. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നൂറേ മദീന മീലാദ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈനിലൂടെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന നൂറേ മദീന മീലാദ് ഫെസ്റ്റില്‍ വിദ്യാര്‍ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്വിസ് പ്രോഗ്രാമും നടക്കും.

മാനേജര്‍ എം എ അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഹനീഫ് അനീസ് മീലാദ് സന്ദേശം നല്‍കി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സലാഹുദ്ദീന്‍ അയ്യൂബി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അഹമ്മദലി ബെണ്ടിച്ചാല്‍, ഉസ്മാന്‍ സഅദി പ്രസംഗിച്ചു. മോറല്‍ ചീഫ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും വൈസ് പ്രിന്‍സിപ്പള്‍ ആസിഫ് ഫാളിലി നന്ദിയും പറഞ്ഞു.