തൃത്താല | ചാലിശ്ശേരി ഗ്രാമത്തിൻ്റെ വലിയ മുത്തശ്ശി വള്ളിക്കുട്ടിയമ്മ കൊവിഡ് മഹാമാരിയെ പൊരുതി തോൽപ്പിച്ചു. ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടിൽ പരേതനായ അയ്യപ്പൻറെ ഭാര്യ വള്ളിക്കുട്ടിയമ്മക്ക് അഞ്ചാം തീയതി ഹൈസ്കൂളിൽ നടന്ന ആൻറിജൻ ടെസ്റ്റിലാണ് കൊവിഡ് ഫലം പോസിറ്റീവായത്. തുടർന്ന് പാലക്കാട് ജില്ല മെഡിക്കൽ കോളജിൽ ചികിൽസ നേടി.
പത്ത് ദിവസത്തിനു ശേഷം നടന്ന ടെസ്റ്റിൽ വ്യാഴാഴ്ച ഫലം നെഗറ്റീവായി. ആരോഗ്യ പ്രവർത്തകരുടെ സന്തോഷത്തോടെയുള്ള കരുതലും പരിചരണവും മുത്തശ്ശിയെ രോഗമുക്തി നേടി വീട്ടിലെത്താൻ സഹായിച്ചു. ഉറ്റവരെ കാണാൻ കഴിയാതെ ഇരുന്ന വലിയ മുത്തശ്ശിക്ക് മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകരും സ്വന്തം മക്കളെ പോലെ പരിചരിച്ചത് ഏറെ മാതൃകയായി. അവരുടെ സമർപ്പിത സേവനം പത്തര പതിറ്റാണ്ട് നീണ്ട ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി മുത്തശ്ശിക്ക്. നാട്ടിൻ്റെ ഹൃദയസ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ദേശത്തിൻ്റെ അച്ചമ്മയായ വള്ളിക്കുട്ടിയമ്മയുടെ ആരോഗ്യത്തിനായി ഗ്രാമവും ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞ ദിവസങ്ങളിൽ പ്രാർഥനയിലായിരുന്നു.