മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമം: കങ്കണക്കും സഹോദരിക്കുമെതിരെ കേസെടുക്കണമെന്ന് കോടതി

Posted on: October 17, 2020 4:34 pm | Last updated: October 17, 2020 at 7:28 pm

മുംബൈ | പ്രമുഖ ബോളിവുഡ് നടിയും വിദ്വേഷ പ്രചാരണങ്ങളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യുന്ന കങ്കണ റാവത്തിനും സഹോദരി രങ്കോലി ചന്ദേലിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബാദ്ര മജിസ്ട്രേറ്റ് മെട്രോപോളിറ്റന്‍ കോടതിയാണ് എഫ് ഐ ആര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വിഴി വര്‍ഗീയത പടര്‍ത്താനും സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. സിനിമ കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നെസ് ട്രെയിനറുമായ മുന്നവറലി സയ്യിദാണ് പരാതി നല്‍കിയത്.

കങ്കണയും സഹോദരിയും കുറ്റം ചെയ്തിട്ടുണ്ടെന്ന് പരാതിയുടെ പ്രാഥമിക പരിശോധനയില്‍ തന്നെ കോടതി പറഞ്ഞു. ട്വിറ്ററിലും അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങളിലാണ് ആരോപണങ്ങളുള്ളത്. ആരോപണ വിധേയ ട്വിറ്റര്‍ പോലെയുള്ള സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആളാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ വിദഗ്ധ അന്വേഷണം അനിവാര്യമാണെന്ന് മെട്രോപോളിറ്റന്‍ ജമിസ്ട്രേറ്റ് ജയ്ദിയോ ഖുലേ ഉത്തരവില്‍ പറഞ്ഞു.

മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യപ്പെടുത്തിയക്കം കങ്കണ നടത്തിയ വിദ്വേഷ ട്വീറ്റുകള്‍ പരാതിക്കാരന്‍ കോടതിക്ക് മുമ്പാകെ എത്തിച്ചിരുന്നു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെയാണ് കങ്കണ സോഷ്യല്‍ മീഡിയയിലൂടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധാകേന്ദ്രമായി മാറിയത്. കേന്ദ്ര സര്‍ക്കാറിനോടും സംഘ്പരിവാര്‍ ആശയങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതയായിരുന്നു കങ്കണയുടെ ട്വീറ്റുകളിലേറെയും. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്, ശിവസേന സഖ്യസര്‍ക്കാറിനെതിരേയും കങ്കണ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അടുത്തിടെ ഹിന്ദുത്വ ആശയക്കാര്‍ വിവാദം സൃഷ്ടിച്ച തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യത്തിനെതിരെയും കങ്കണ രംഗത്തെത്തിയിരുന്നു.