ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അട്ടിമറി

Posted on: October 17, 2020 3:50 pm | Last updated: October 17, 2020 at 6:32 pm

ഭോപ്പാല്‍ |  ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേട്. നിരവധി വ്യാജ പേരുകളില്‍ തൊഴില്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ച് പണം തട്ടിയതിനുള്ള തെളിവുകള്‍ പുറത്ത്. ദീപിക പദുക്കോണ്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ ബോളിവുഡ് സിനിമാ താരങ്ങളുടെ ഫോട്ടകള്‍ പതിച്ച തൊഴില്‍ കാര്‍ഡുകള്‍ വരെ സംഘടിപ്പിച്ച് അനര്‍ഹര്‍ പണം തട്ടിയതായാണ് റിപ്പോര്‍ട്ട്.

ഈ വ്യാജ കാര്‍ഡുകള്‍ വഴി ലക്ഷകണക്കിന് രൂപ തട്ടിയെടുത്തതായാണ് അധികൃതര്‍ പറയുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനേ തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് തുക പിന്‍വലിച്ചതായും അധികൃതര്‍ പറഞ്ഞു.

നിരവധി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാതെ വന്നതിനേ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിപോര്‍ട്ടലില്‍ വിശദാംശങ്ങള്‍ പരിശോധിച്ചതോടയാണ് തട്ടിപ്പ് പുറത്തായത്. ഖാര്‍ഗോണിലെ പിപ്പാര്‍ഖെഡാനക ഗ്രാമപഞ്ചായത്തില്‍ ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു ഡസനിലധികം വ്യാജ തൊഴില്‍ കാര്‍ഡുകള്‍ കണ്ടെത്തി. ദീപിക പദുക്കോണിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത് ഗോത്രവിഭാഗത്തില്‍പ്പെട്ട സോനു ശാന്തിലാല്‍ എന്നയാളുടെ പേരില്‍ നല്‍കിയ തൊഴില്‍ കാര്‍ഡിലാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് സോനു ശാന്തിലാല്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം വേതനം ആവശ്യപ്പെട്ടിട്ടില്ലെന്നും ശാന്തിലാല്‍ പറഞ്ഞു.