ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Posted on: October 17, 2020 3:03 pm | Last updated: October 17, 2020 at 6:32 pm

തിരുവനന്തപുരം | കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ദ പരിശോധനക്കാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസും ആവശ്യപ്പെട്ടിരുന്നു. ഉച്ചക്ക് ശേഷം ശിവശങ്കറിനെ പ്രവേശിപ്പിച്ച സ്വകാര്യ ബ്ലോക്കിന് സമീപത്തേക്ക് ആംബുലന്‍സ് എത്തിച്ച് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശിവശങ്കറിനെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍്ത്തകര്‍ ശ്രമിച്ചത് ആശുപത്രി സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു.

രാവിലെ ആന്‍ജിയോഗ്രാം പൂര്‍ത്തിയാക്കിയ ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. എന്നാല്‍ നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കര്‍ പറയുന്നുണ്ട്. ഇതില്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയതിനാലാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റായിരുന്നു വെള്ളിയാഴ്ച വൈകുന്നേരം കസ്റ്റംസ് ലക്ഷ്യമിട്ടത്. കസ്റ്റംസ് ഓഫീസിലെത്തി അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലെത്തിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായിരുന്നു നീക്കം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് സഹായം നല്‍കിയതില്‍ ശിവശങ്കറിന് പങ്കുള്ളതായി തെളിവ് ലഭിച്ചതായും കസ്റ്റംസ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ശിവശങ്കറിനെ കസ്റ്റംസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ അദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടതോടെ കസ്റ്റംസ് നീക്കങ്ങള്‍ പാളുകയായിരുന്നു.