Connect with us

Kerala

കസ്റ്റംസ് ലക്ഷ്യമിട്ടത് അറസ്റ്റ് തന്നെ; ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റായിരുന്നു വെള്ളിയാഴ്ച വൈകുന്നേരം കസ്റ്റംസ് ലക്ഷ്യമിട്ടതെന്ന് സൂചന. കസ്റ്റംസ് ഓഫീസിലെത്തി അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലെത്തിച്ച് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായിരുന്നു നീക്കം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് സഹായം നല്‍കിയതില്‍ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മൊഴികളും പലരില്‍നിന്നായി ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡോളര്‍ നല്‍കിയതെന്ന് ബേങ്ക് ഉദ്യോഗസ്ഥര്‍ മൊഴിനല്‍കിയതായാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് തയ്യാറെടുത്തത്.

സ്വര്‍ണക്കടത്ത്, ലോക്കര്‍ ഇടപാട്, വിദേശത്തേക്ക് ഡോളര്‍ കടത്ത് എന്നിവയാണ് ശിവശങ്കറിന് കുരുക്കായത്. കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് പരിശോധനാ ഫലം എന്നാണ് ലഭിക്കുന്ന വിവരം.

Latest