മാരാരിക്കുളത്ത് വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍

Posted on: October 17, 2020 10:04 am | Last updated: October 17, 2020 at 12:11 pm

കരുനാഗപ്പള്ളി |  മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ ദേശീയപാതയില്‍ മാരാരിക്കുളത്തിന് സമീപം എംസാന്‍ഡ് മായി എത്തിയ ലോറി മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു നിര്‍ത്തിയെങ്കിലും ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. പിന്നീട് സഹായി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല.

പുലര്‍ച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപം ഡ്രൈവര്‍ ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഹൃദയാഘാതം വന്നതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാരാരിക്കുളം പോലീസ് അന്വേഷണം തുടങ്ങി.