സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വരുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുതെന്ന് ചീഫ് സെക്രട്ടറി

Posted on: October 16, 2020 12:54 pm | Last updated: October 16, 2020 at 6:01 pm

തിരുവനന്തപുരം |  സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വരുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം. ജീവനക്കാര്‍ വാടകക്ക് എടുക്കുന്ന വാഹനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

സമാന്തര സര്‍വീസുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പരിശോധിച്ചത്. ഇതിനിടെയാണ് ഒരു വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് അതിലുണ്ടായിരുന്ന ജീവനക്കാരും മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരും തര്‍ക്കമായി. ഇതിന് പിന്നാലെ കണ്ടാല്‍ അറിയാവുന്ന രണ്ട് ജീവനക്കാര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു.

ഈ ജിവനക്കാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് ജീവനക്കാരുമായി വരുന്ന സമാന്തര വാഹനം ഒരുകാരണവശാലും തടയാനോ, കേസെടുക്കാനോ പാടില്ല. പിഴ ഈടാക്കാനും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.