Connect with us

Covid19

രണ്ടു തവണ കൊവിഡ് ബാധിതയായ സ്ത്രീ മരിച്ചു; ലോകത്തെ ആദ്യ സംഭവം നെതര്‍ലന്‍ഡ്‌സില്‍

Published

|

Last Updated

ആംസ്റ്റര്‍ഡാം | രണ്ടു തവണ കൊവിഡ് പിടിപെട്ട ശേഷം ഒരു വ്യക്തി മരണത്തിനു കീഴടങ്ങുന്ന ലോകത്തെ ആദ്യത്തെ കേസ് നെതര്‍ലന്‍ഡ്‌സില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 89കാരിയാണ് മരണപ്പെട്ടത്. മജ്ജയെ ബാധിക്കുന്ന വാള്‍ഡന്‍സ്‌ട്രോംസ് മാക്രോഗ്ലോബുലിനേമിയ എന്ന അപൂര്‍വ ഗണത്തില്‍ പെടുന്ന അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു ഇവരെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, കൊവിഡിനെ പ്രതിരോധിക്കാനുള്ള സ്വാഭാവിക പ്രതിരോധ ശേഷി ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

കടുത്ത പനിയും കഫക്കെട്ടുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇവര്‍ക്ക് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചു ദിവസത്തിനു ശേഷം കൊവിഡ് മുക്തയായി ആശുപത്രി വിട്ടു. 59 ദിവസങ്ങള്‍ക്കു ശേഷം വയോധികക്ക് വീണ്ടും പനിയും കഫക്കെട്ടും ബാധിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഒരിക്കല്‍ കൂടി കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാകുകയും ചെയ്തു. ആറു ദിവസത്തിനു ശേഷം പരിശോധിച്ചപ്പോഴും രോഗത്തെ പ്രതിരോധിക്കുന്ന ആന്റിബോഡികളൊന്നും ഇവരുടെ രക്തത്തില്‍ രൂപപ്പെട്ടിരുന്നില്ലെന്നും സി എന്‍ എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടാം ദിവസത്തെ കീമോതെറാപ്പിയോടെ വയോധികയുടെ നില വഷളാവുകയും രണ്ടാഴ്ചക്കു ശേഷം മരണപ്പെടുകയുമായിരുന്നു.

59 ദിവസത്തിനിടയില്‍ രണ്ടു തവണ ഇവര്‍ കൊവിഡ് പോസിറ്റീവായെന്ന് പഠനത്തില്‍ സ്ഥിരീകരിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ സുഖപ്പെട്ട ശേഷമാണോ വീണ്ടും രോഗബാധിതയായതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, രണ്ടാം തവണ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ വൈറസിന്റെ ജനിതക ഘടന ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും അതിനാല്‍ത്തന്നെ വീണ്ടും രോഗബാധയുണ്ടായതാണെന്ന് നിഗമിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഏതായാലും ലോകത്ത് ഒരാള്‍ക്ക് കൊവിഡ് വീണ്ടും ബാധിക്കുന്ന ആദ്യത്തെ കേസ് ഇതല്ല. എന്നാല്‍, രണ്ടാമതും രോഗബാധയേറ്റ് ഒരാള്‍ മരണപ്പെടുന്ന ആദ്യ സംഭവമാണ്. കൊവിഡ് ഭേദമായ ശേഷം വീണ്ടും രോഗബാധയുണ്ടായതായി ശാസ്ത്രീയമായി രേഖപ്പെടുത്തിയ ആദ്യത്തെ കേസ് ആഗസ്റ്റില്‍ ഹോങ്കോങിലുണ്ടായതാണ്. കൊവിഡില്‍ നിന്ന് മുക്തനായ 33കാരനാണ് 142 ദിവസത്തിനു ശേഷം വീണ്ടും രോഗം പിടികൂടിയത്.

ഇതിനു പിന്നാലെ നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ഇക്വഡോര്‍ എന്നിവിടങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 48 ദിവസത്തിനിടെ രണ്ടു തവണ കൊവിഡ് ബാധിച്ച യു എസിലെ നെവാഡയിലെ 25കാരന്റെതാണ് ഇതില്‍ ഏറ്റവുമവസാനത്തെ കേസ്. രണ്ടാമത്തെ കൊവിഡ് ആക്രമണത്തില്‍ ഇയാള്‍ ഗുരുതരാവസ്ഥയിലായെന്നും ഓക്‌സിജന്‍ നല്‍കേണ്ടി വന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇക്വഡോറിലെ രോഗിയുടെ കാര്യത്തിലും ഇതേ സ്ഥിതിയാണുണ്ടായത്. അതേസമയം, ബെല്‍ജിയത്തിലേയും നെതര്‍ലന്‍ഡ്‌സിലെയും കേസുകളില്‍ നിസ്സാര രോഗബാധ മാത്രമാണുണ്ടായത്.

Latest