Connect with us

Kerala

വിവാദ കാര്‍ഷിക ബില്ലുകള്‍ തള്ളാന്‍ പഞ്ചാബ് പ്രത്യേക നിയമസഭാ സമ്മേളനം ചേരും

Published

|

Last Updated

ചണ്ഡീഗഢ് | കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കാര്‍ഷിക ബില്ലുകള്‍ തള്ളുന്നതിന് പഞ്ചാബ് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒക്‌ടോബര്‍ 19ന് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന പഞ്ചാബ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ കാര്‍ഷിക ബില്‍ ഔദ്യോഗികമായി തള്ളിക്കളയുന്ന ആദ്യ സംസ്ഥാനമാകും പഞ്ചാബ്. കഴിഞ്ഞ ആഗസ്റ്റ് 28ന് അവസാനിച്ച സഭാ സമ്മേളനത്തില്‍ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ പഞ്ചാബ് പ്രമേയം പാസ്സാക്കിയിരുന്നു.

പഞ്ചാബ് സര്‍ക്കാറിന്റെ നീക്കത്തിന് പ്രതിപക്ഷമായ ശിരോമണി അകാലി ദളിന്റെ പിന്തുണയുണ്ട്. കാര്‍ഷിക ബില്‍ വിഷയത്തില്‍ കേന്ദ്രവുമായി ഉടക്കി ശിരോമണി അകാലി ദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെക്കുകയും പാര്‍ട്ടി എന്‍ഡിഎ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിനൊപ്പം നിന്ന കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ ശക്തമായ സമരമാണ് ശിരോമണി അകാലിദള്‍ നയിക്കുന്നത്.

കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം മൂന്ന് പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയത്. നിയമങ്ങള്‍ തങ്ങളുടെ വിലപേശല്‍ ശേഷി കുറയ്ക്കുമെന്നും വിലയുടെ നിയന്ത്രണം വന്‍കിട ചില്ലറ വ്യാപാരികള്‍ക്ക് കൈമാറുമെന്നും കര്‍ഷകര്‍ പറയുന്നു.

Latest