വായ്പ മൊറട്ടോറിയം: പലിശ ഇളവ് നവംബര്‍ രണ്ടിനകം നടപ്പാക്കണെമന്ന് സുപ്രീം കോടതി

Posted on: October 14, 2020 6:37 pm | Last updated: October 14, 2020 at 9:01 pm

ന്യൂഡല്‍ഹി | മൊറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവിനുള്ള പലിശ ഇളവ് ചെയ്യുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നവംബര്‍ രണ്ട് വരെ സമയം നല്‍കി. പലിശയുടെ കാര്യത്തില്‍ തീരുമാനം നടപ്പിലാക്കാന്‍ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് കേന്ദ്രത്തിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി നടപടി. രണ്ട് കോടി രൂപ വരെയുള്ള വായ്പയുടെ പലിശ ഇളവ് ചെയ്യുന്നതിൽ തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കാന്‍ എന്തിന് കാത്തിരിക്കണമെന്ന് കോടതി ചോദിച്ചു.

സാധാരണക്കാരന്റെ ദീപാവലി സർക്കാരിന്റെ കയ്യിലാണിപ്പോൾ. സാധാരണക്കാർ ആശങ്കയിലാണ്. 2 കോടി രൂപ വരെ വായ്പയെടുത്ത ആളുകളുടെ കാര്യത്തിൽ ഞങ്ങൾക്ക് ഉൽകണ്ഠയുണ്ട്- ‌ജഡ്ജി എംആര്‍ ഷാ പറഞ്ഞു.

മൊറട്ടോറിയം ഉപയോഗപ്പടുത്തിയവരുടെ തിരിച്ചടവിന്മമേലുള്ള കൂട്ടുപലിശ എഴുതിത്തള്ളാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറിനെ സംബന്ധിച്ച് അത് വലിയ ബാധ്യതയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.

മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വായ്പാതിരിച്ചടവിന് റിസര്‍വ് ബാങ്ക് മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് ഇത് ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.