പാലക്കായി സമ്മര്‍ദം ശക്തമാക്കി കാപ്പന്‍; എന്‍ സി പിയില്‍ കടുത്ത ഭിന്നത

Posted on: October 14, 2020 11:30 am | Last updated: October 14, 2020 at 6:05 pm

തിരുവനന്തപുരം |  കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ പാലാ സീറ്റിനായി എന്‍ സി പി സമ്മര്‍ദം ശക്തമാക്കി. മാണി സി കാപ്പന് വേണ്ടി എന്‍ സി പി ദേശീയ നേതൃത്വം ഇടപെട്ടിട്ടുണ്ട്. ശരത് പവാര്‍ വിഷയം സി പി എം കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. കനത്ത പോരാട്ടത്തിനൊടുവിലാണ് ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ പാല പിടിച്ചത്. പാലയും കുട്ടനാട്ടും വിട്ടുകൊണ്ട് ഒരു ഒത്തുതീര്‍പ്പും വേണ്ടെന്നാണ് എന്‍ സി പി ദേശീയ നേതൃത്വം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ വിഷയത്തില്‍ കടുത്ത അഭിപ്രായ വിത്യാസം രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഈ നീക്കങ്ങളോട് പൂര്‍ണമായി സഹകരിക്കുന്നില്ല. പാല സറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി വിടുന്നതിനെക്കുറിച്ച് മാണി സി കാപ്പനും കൂട്ടരും ആലോചിക്കുന്നുണ്ട്. എന്നാല്‍ അതിനൊപ്പം എ കെ ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താഴെക്കിടയിലുള്ള എന്‍ സി പി അണികള്‍ക്കും മുന്നണി മാറുന്നതില്‍ താത്പര്യമില്ല. താഴെക്കിടയിലുള്ള നേതാക്കളെല്ലാം സീറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ തന്നെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ശശീന്ദ്രനൊപ്പമാണോ, മാണി സി കാപ്പനൊപ്പമാണോയെന്ന് താഴെക്കിടയിലുള്ള നേതാക്കളോട് സി പി എം ചോദിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ അവസരത്തില്‍ ഭൂരിഭാഗം നേതാക്കളും ശശീന്ദ്രനൊപ്പം ഉറച്ച് നില്‍ക്കാനാണ് സാധ്യത.

അതിനിടെ കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫിലേക്ക് പോയാല്‍ അവിടെ നിന്നുള്ള എന്‍ സി പി യെ മറുകണ്ടം ചാടിക്കുക എന്ന ലക്ഷ്യത്തിനായി യു ഡി എഫ് ശ്രമം തുടങ്ങിയിട്ടുണ്ട്. എന്‍ സി പിയില്‍ ഒരു വിഭാഗം തങ്ങളോടൊപ്പം പോരുമൊന്ന് യു ഡി എഫ് കണക്ക് കൂട്ടുന്നു. മാണി സി കാപ്പനുമായി കോണ്‍ഗ്രസ് രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പാലാ സീറ്റ് വാഗ്ദാനം ചെയ്തുവെന്നും എന്‍ സി പിയെ മുന്നണിയിലെടുക്കാമെന്നും വാഗ്ദാനം ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.