National
ആടുകള്‍ പറമ്പില്‍ കയറി; ദളിതനെക്കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിച്ചു

ചെന്നൈ | സവര്‍ണ ജാതിക്കാരന്റെ പറമ്പിലേക്ക് ദളിതിന്റെ ആടുകള്‍ കയറിയതിന് കാലില്‍പിടിച്ച് മാപ്പ് പറയിപ്പിച്ചു. തമിഴ്‌നാട് തൂത്തുക്കുടിയിലാണ് സംഭവം. തേവര്‍ സമുദായ അംഗങ്ങളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കുമെന്ന തരത്തില്‍ അവര്‍ തന്നെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. 60 വയസുള്ള പോള്‍രാജ് എന്ന ദളിതനാണ് ജാതിയ അധിക്ഷേപത്തിനും മര്‍ദനത്തിനും ഇരയായത്. പോള്‍ രാജ് വളര്‍ത്തുന്ന ആടുകള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ശിവസംഗുവിന്റെ പറമ്പില്‍ കയറിയതാണ് പ്രശ്‌നത്തിന് തുടക്കം.
കയറഴിഞ്ഞ് പോയതിനെ തുടര്‍ന്ന് ആടുകളിലൊന്ന് ശിവസംഗുവിന്റ പറമ്പിലെത്തുകയും അതിനെ പുറത്തേക്കിറങ്ങുന്നതിനിടെ മറ്റ് ആടുകള്‍ കൂട്ടംതെറ്റുകയുമായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ശിവസംഗു തന്റെ പണിക്കാരെയും കൂട്ടി പോള്‍രാജിനെടുത്തെത്തി. അവിടെ വെച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയമുണ്ടായി. ദലിതനായ പോള്‍രാജ് തേവര്‍ ജാതിക്കാരനായ ശിവസംഗുവിനെ അടിച്ചുവെന്നത് ആ സമുദായത്തിന് തന്നെ അപമാനമാണ് എന്നായി പിന്നെ കാര്യങ്ങള്‍.
തുടര്‍ന്ന് തേവര്‍ സമുദായംഗങ്ങള്‍ ചേര്‍ന്ന് പോള്‍രാജിനെ വിളിച്ച് വരുത്തുകയും ശിവസംഗുവിന്റെ കാല്‍പിടിച്ച് മാപ്പ് പറയിപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ എടുത്തവര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോള്‍രാജ് നല്‍കിയ പരാതിയില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.