ഉത്തര്‍ പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

Posted on: October 14, 2020 7:56 am | Last updated: October 14, 2020 at 10:41 am

ലഖ്‌നോ |  ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ചിത്രകൂട് ജില്ലയിലെ മണിക്പൂരിലാണ് 15കാരി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇതില്‍ പോലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ എട്ടിന് മുന്‍ ഗ്രാമത്തലവന്റെ മകന്‍ കിശന്‍ ഉപാധ്യയി, സുഹൃത്തുക്കളായ സതീഷ്, ആശിഷ് എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വനത്തിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയായിരുന്നു പീഡനം. സംഭവത്തിലെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി ചിത്രകൂട് പോലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും ആദ്യഘട്ടത്തില്‍ പരാതി സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.