Covid19
മയ്യിത്തിനോടെന്തിനീ ക്രൂരത... കൊവിഡ് വാർഡിലെ അനുഭവങ്ങൾ വിവരിച്ച് പരിചാരകൻ

കോഴിക്കോട് | കൊവിഡ് പോസിറ്റീവായ മയ്യിത്തുകൾ കുളിപ്പിക്കുന്നതടക്കമുള്ള മത ചടങ്ങുകൾ പാലിക്കപ്പെടാത്തതിലും മെഡിക്കൽകോളജിലെ കൊവിഡ് വാർഡിൽ രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിച്ചുകൊണ്ടുമുള്ള വടകര സ്വദേശിയുടെ വാട്‌സാപ്പ് കുറിപ്പ് വൈറലായി. വടകര മുനിസിപ്പാലിറ്റിയിലെ മുൻ കൗൺസിലർ കൂടിയായ അൻസാർ പി വി എന്നയാളുടെ കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ”: മയ്യിത്തിനോടെന്തിനീ ക്രൂരത… കൃത്യമായി പറഞ്ഞാൽ ഈ മാസം ഒന്നാം തീയതി വരെയും എന്റെ ധാരണ കൊവിഡ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരിക്കുന്ന നമ്മുടെ സഹോദരങ്ങളെയെല്ലാം അവിടെ വെച്ച് മയ്യിത്ത് കുളിപ്പിക്കലൊക്കെ കഴിഞ്ഞതിന് ശേഷമാണ് കൊവിഡ് സ്യൂട്ടിനുള്ളിലാക്കുന്നത് എന്നാണ്. എന്നാൽ കഴിഞ്ഞ ഒന്നിന് ഈ ധാരണ എനിക്ക് മാറ്റേണ്ടി വന്നു. ഒരാഴ്ചയോളം മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ എന്റെ ഉമ്മ അഡ്മിറ്റായിരുന്നു. സെപ്തംബർ 30ന് രാത്രി നെഗറ്റീവായതിനെ തുടർന്ന് ഡോക്ടർ എന്നെ വിളിക്കുന്നു. അതു വരെ എന്നെ പ്രവേശിപ്പിക്കാത്ത ആ വാർഡിലേക്ക് കയറി ഉമ്മയെ മറ്റൊരു ബെഡിലേക്ക് മാറ്റാൻ പറയാനായിരുന്നു അത്. ആ വാർഡിൽ തിരൂരുള്ള ഒരു ഉമ്മയുമുണ്ടായിരുന്നു. രാത്രി ഏതാണ്ട് ഒന്നര മണിക്ക് ഞാൻ വാർഡിൽ നിന്ന് മടങ്ങുന്നത് വരെ ഉറങ്ങാതെ കട്ടിലിലിരുന്ന അവർ , രാവിലെ ഏഴര മണിക്ക് ഞാൻ വീണ്ടും ചായയുമായി വാർഡിലെത്തിയപ്പോൾ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
കുറച്ച് സമയത്തിന് ശേഷം കൊവിഡ് ടെസ്റ്റ് നടത്തുകയും അത് പോസിറ്റീവാകുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം രണ്ട് പി പി ഇ കിറ്റ് ധരിച്ചവർ വന്ന് മയ്യിത്തിന്റെ വസ്ത്രങ്ങളൊക്കെ മാറ്റി കുറച്ച് പഞ്ഞിയൊക്കെ വെച്ച് ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് കുറച്ച് പനിനീർ തളിച്ച് നേരെ സിബ്ബുള്ള ഒരു കിറ്റിനകത്തേക്ക് മാറ്റിയതിന് ശേഷം കുറച്ച് സമയത്തെ ക്ലറിക്കൽ വർക്കുകളും കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇനി നേരെ ഖബറിലേക്ക് മൂന്ന് കഷണം തുണി തന്നെ എല്ലാവർക്കുമുണ്ടോയെന്നത് സംശയം. മൃതദേഹത്തിൽ വൈറസ് തങ്ങില്ലെന്നും മറ്റൊരാളിലേക്ക് രോഗം പകരില്ലെന്നുമൊക്കെ ഡോക്ടർമാർ തന്നെ പല മാധ്യമങ്ങൾ മുഖേന വ്യക്തമാക്കിയിട്ടും മയ്യിത്തിന് ലഭിക്കേണ്ട അവസാന കർമങ്ങൾ പോലും ലഭിക്കുന്നില്ലെങ്കിൽ അതെത്ര വേദനാജനകമാണ്. ആ വേദന മനസ്സിലാകണമെങ്കിൽ കൊവിഡ് വാർഡിനകത്തെ വിശേഷങ്ങൾ അറിയണം.
ഉടുവസ്ത്രം പോലും ഇല്ലാതെ പല ആളുകളും അവിടെ കിടക്കുന്നുണ്ട്. അഡ്മിറ്റാകുമ്പോൾ ധരിച്ച വസ്ത്രങ്ങളിൽ ചിലപ്പോൾ മലമൂത്ര വിസർജനം നടത്തുന്ന അവസ്ഥയാണെങ്കിൽ പി പി ഇ കിറ്റ് ധരിച്ചവർ ആ വസ്ത്രം വേസ്റ്റിലേക്ക് മാറ്റുന്നു എന്നല്ലാതെ മറ്റൊരു തുണി ആ രോഗികൾക്ക് ലഭ്യമാക്കുന്നില്ല.
പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്തവരോട് തികഞ്ഞ അവഗണനയാണ് ആ വാർഡിൽ. അന്വേഷിച്ചാൽ പോലും ആ രോഗിയുടെ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെ തുടങ്ങുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്കിടയാക്കിയിരിക്കുകയാണ്.