മുസ്‌ലിം കോച്ചിംഗ് സെന്ററുകൾ തകർക്കാനുള്ള നീക്കം തടയണം: കേരള മുസ്‌ലിം ജമാഅത്ത്

ബാക്ക് ലോഗ് നികത്താൻ കണക്കെടുപ്പ് നടത്തണം
Posted on: October 13, 2020 4:20 pm | Last updated: October 14, 2020 at 6:20 am

കോഴിക്കോട് | മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സർവീസിൽ നിലവിലുള്ള ബാക്ക് ലോഗ് നികത്താൻ ഉദ്യോഗസ്ഥ പ്രാതിനിധ്യ കണക്കെടുപ്പ് നടത്തി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

സർക്കാർ സർവീസിൽ സംവരണത്തിന് സ്വീകരിക്കുന്ന ശതമാനവും റൊട്ടേഷനും ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കണമെന്നും മുസ്‌ലിം വിദ്യാർഥികളുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള വരുമാന പരിധിയും സ്‌കോളർഷിപ്പ് തുകയും വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ ഇതര സമുദായങ്ങളോട് ഒപ്പമെത്തിക്കാനുള്ള പാലൊളി കമ്മിറ്റി ശിപാർശയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിലൊന്നായിരുന്നു മുസ്‌ലിം യുവജന കോച്ചിംഗ് സെന്ററുകൾ.
അത് പേര് മാറ്റിയും മറ്റു വിഭാഗങ്ങൾക്ക് സെന്ററിൽ 20% സീറ്റുകൾ അനുവദിച്ചും മുസ്‌ലിം മുന്നേറ്റത്തെ തകർക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢശ്രമത്തിൽ നിന്ന് സർക്കാർ ആർജവത്തോടെ പുറത്ത് കടക്കണം.
ഉദ്യോഗസ്ഥ തലങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞത് പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കുന്നതിന് പകരം ഇത്തരം നിഗൂഢ നീക്കങ്ങൾ സച്ചാർ സമിതി റിപ്പോർട്ടിൽ ഇടത് സർക്കാർ സ്വീകരിച്ച നടപടികളെ തകിടം മറിക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ്കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി മൂസ ഹാജി, മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, എൻ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുൽ മജീദ്, എ സൈഫുദ്ദീൻ ഹാജി, സി പി സെയ്തലവി സംബന്ധിച്ചു.

ALSO READ  കേരള മുസ്‌ലിം ജമാഅത്ത് കാലഘട്ടത്തിന്റെ അനിവാര്യത: കാന്തപുരം