സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ; വിജയ് പി നായര്‍ക്ക് ജാമ്യം

Posted on: October 13, 2020 3:18 pm | Last updated: October 13, 2020 at 3:18 pm

തിരുവനന്തപുരം | സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വിഡീയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്ക് സോപാധിക ജാമ്യം. സി ജെ എം കോടതിയാണ് 25,000 രൂപയുടെ ബോണ്ടില്‍ ജാമ്യമനുവദിച്ചത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

അതേസമയം, വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രണ്ട് സുഹൃത്തുക്കളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരാണ് ഹരജിക്കാര്‍. വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍ വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനമുണ്ടാക്കുകയായിരുന്നു.

മുറിയില്‍ നിന്നെടുത്ത വിജയ് പി നായരുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസിന് കൈമാറിയിരുന്നുവെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇവ കൊണ്ടുപോയതെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം.