യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വൈദികന്‍ അറസ്റ്റില്‍

Posted on: October 13, 2020 3:04 pm | Last updated: October 13, 2020 at 3:04 pm

ഇടുക്കി | യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലിയില്‍ പാലക്കാടന്‍ വൈദ്യശാല എന്ന പേരില്‍ 20 വര്‍ഷമായി ആയുര്‍വേദ ആശുപത്രി നടത്തുന്ന ഫാദര്‍ റെജി പാലക്കാടനാണ് അറസ്റ്റിലായത്. 22കാരിയായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ഉദര സംബന്ധമായ അസുഖത്തിന് ചികിത്സ തേടി വൈദികന്‍ നടത്തുന്ന ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. പരിശോധനക്കിടെ വൈദികന്‍ യുവതിയോട് അപമര്യാദയായി പെരുമാറി. ഇത് ചെറുത്തപ്പോള്‍ തലയില്‍ കൈവച്ച് പ്രാര്‍ഥിക്കാനെന്ന പേരിലും വൈദികന്‍ അപമാനിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയ യുവതി വീട്ടിലെത്തി വിവരം പറയുകയും വീട്ടുകാര്‍ക്കൊപ്പമെത്തി അടിമാലി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വൈദികനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദികന് ബി എ എം എസ് ഇല്ലെന്നാണ് പ്രാഥമിക വിവരം.