ലൈഫ് മിഷന്‍; സര്‍ക്കാറിനെതിരായ സി ബി ഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

Posted on: October 13, 2020 11:28 am | Last updated: October 13, 2020 at 4:22 pm

കൊച്ചി |  വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരായ സി ബി ഐ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹരജി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. എന്നാല്‍ യൂണിടാക്കിനെതിരായ അന്വേഷണവും സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്കെതിരായ അന്വേഷണവും സി ബി ഐക്ക് തുടരാമെന്നും ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. എഫ് സി ആര്‍ എയുടെ പരിധിയില്‍ വരില്ല എന്ന സര്‍ക്കാര്‍ വാദം തത്കാലം അംഗീകരിക്കാതിരുന്ന കോടതി ഇക്കാര്യത്തില്‍ വിശദമായ വാദം വേണമെന്നും ചൂണ്ടിക്കാട്ടി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസ് ആണ് ഹരജി നല്‍കിയത്.വിദേശസഹായ നിയന്ത്രണ നിയമം (എഫ് സി ആര്‍ എ.) ലംഘിച്ചെന്നു കാട്ടി സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു.