മുബാറാക് പാഷയുടെ നിയമനത്തില്‍ സര്‍ക്കാറിനെ പിന്തുണച്ച് ലീഗ്

Posted on: October 13, 2020 9:07 am | Last updated: October 13, 2020 at 12:04 pm

തിരുവനന്തപുരം |  ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി ഡോ. മുബാറക് പാഷയെ നിയമിച്ചതിനെ പിന്തുണച്ച് മുസ്ലിംലീഗ്. വെള്ളപ്പാള്ളി നടേശനും എം കെ പ്രേമചന്ദ്രന്‍ എം പിയുമടക്കമുള്ളവര്‍ നിയമനത്തിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലണ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെ ലീഗ് നിലപാട് അറിയിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയില്‍ മുസ്ലിമിനെ വി സിയായി നിയമിച്ചത് ശ്രീനാരായണ ധര്‍മ പരിപാലന സംഘം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിക്കുന്നത് ഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാത്തത് കൊണ്ടാണെന്ന് ചന്ദ്രിക മുഖപ്രസംഗം പറയുന്നു.

‘ഒരു ജാതി ഒരു മതം ഒരു ദൈവം’, എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി വിവാദം ഉണ്ടാക്കുന്നത് ഗുരുനിഷേധമാണ്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള സര്‍വ്വകലാശാലയായിട്ടല്ല സംസ്ഥാന സര്‍ക്കാര്‍ ഓപ്പണ്‍ സര്‍വ്വകലാശാല സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിലെ സര്‍വ്വകലാശാലകളിലെ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവേശനം ലഭിക്കാതെവരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദൂരവിദ്യാഭ്യാസത്തിനായി മെച്ചപ്പെട്ട സൗകര്യമൊരുക്കുക എന്നതാണ് ഇത് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്’. ഇതിനെതിരെ വാദിക്കുന്നത് ബാലിശമാണ്.

മുമ്പും ഗുരുദേവന്റെ അടിസ്ഥാന ആശയങ്ങളായ പലതിനെയും തന്റേതായ വ്യാഖ്യാനത്തിലൂടെ വക്രീകരിക്കുകയും സ്വാര്‍ത്ഥ രാഷ്ട്രീയ സാമ്പത്തിക മോഹങ്ങള്‍ക്കുവേണ്ടി ദുരുപയോഗിക്കുകയും ചെയ്തിട്ടുള്ളയാളെന്ന നിലക്ക് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വാക്കുകള്‍ തികഞ്ഞ അവജ്ഞതോടെയല്ലാതെ കടുത്ത വര്‍ഗീയത തലക്കുപിടിക്കാത്തയാരും കരുതുകയില്ലെന്നും പാര്‍ട്ടി മുഖപത്രം പറയുന്നു.