റെസ്റ്റ് ഹൗസുകള്‍ മുഖേന സര്‍ക്കാരിന് 25 കോടി രൂപ വരുമാനം ലഭിക്കും: മന്ത്രി ജി സുധാകരന്‍

Posted on: October 12, 2020 9:03 pm | Last updated: October 12, 2020 at 9:03 pm

പത്തനംതിട്ട  | സംസ്ഥാനത്തെ മൊത്തം റെസ്റ്റ് ഹൗസുകളില്‍ നിന്നുള്ള വരുമാനം 25 കോടിയായി ഉയരുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ പരിധിയിലുള്ള പത്തനംതിട്ട വിശ്രമ കേന്ദ്രത്തിലെ വി ഐ പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് പ്രതിവര്‍ഷം രണ്ടു കോടി രൂപയില്‍ താഴെയാണു വരുമാനം ഉണ്ടായിരുന്നത്. ഇവിടെ ഉണ്ടായിരുന്ന അരക്ഷിതാവസ്ഥ മനസിലാക്കി സര്‍ക്കാര്‍ വേണ്ട തിരുത്തല്‍നടപടി സ്വീകരിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുകയും ചെയ്തു. റെസ്റ്റ് ഹൗസുകളില്‍ നിന്നുള്ള വരുമാനം 2019 വര്‍ഷത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം 16 കോടിയായി ഉയര്‍ത്താന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.

മൂന്നു നിലകളിലായി ആകെ 8570 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വി.ഐ.പി ബ്ലോക്കില്‍ ആറ് വി.ഐ.പി മുറികള്‍, രണ്ട് വി.ഐ.പി സ്യൂട്ട് മുറികള്‍, റിസപ്ഷന്‍, മാനേജരുടെ വിശ്രമമുറി, സ്റ്റോര്‍, 90 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, ടോയ്ലറ്റ് ബ്ലോക്ക്, റൂം കബോഡുകള്‍ തുടങ്ങിയവ നിര്‍മ്മിച്ചിട്ടുണ്ട്.