മുസ്‌ലിം കോച്ചിംഗ് സെന്ററുകൾ അട്ടിമറിക്കാൻ നീക്കം; പിന്നിൽ ഉദ്യോഗസ്ഥ ലോബിയും സഭകളും

Posted on: October 12, 2020 11:52 am | Last updated: October 14, 2020 at 6:22 am

കോഴിക്കോട് | മുസ്‌ലിം സമുദായത്തിലെ ഉദ്യോഗസ്ഥ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമ്മിറ്റി നിർദേശപ്രകാരം സംസ്ഥാനത്ത് ആരംഭിച്ച മുസ്‌ലിം കോച്ചിംഗ് സെന്ററുകൾ അട്ടിമറിക്കാൻ നീക്കം. കഴിഞ്ഞ വി എസ് സർക്കാറിന്റെ കാലത്ത് ആരംഭിച്ച സെന്ററുകൾക്കെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥ ലോബിയുടെ നേതൃത്വത്തിലാണ് കരുക്കൾ നീക്കുന്നത്. വിവിധ ക്രിസ്ത്യൻ സഭകളുടെ കടുത്ത സമ്മർദത്തെ തുടർന്ന് കോച്ചിംഗ് സെന്ററുകളുടെ ഉദ്ദേശ്യശുദ്ധി പോലും ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ സെന്ററുകളിൽ മുസ്‌ലിം സമുദായത്തിന്റെ സീറ്റ് അമ്പത് ശതമാനത്തോളം വെട്ടിക്കുറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പാലോളി മുഹമ്മദ് കുട്ടി ന്യൂനപക്ഷ മന്ത്രിയായ സമയത്താണ് “കോച്ചിംഗ് സെന്റർ ഫോർ മുസ്‌ലിം യൂത്ത്’ എന്ന പേരിൽ മുസ്‌ലിംകൾക്കായി പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചത്. അഭ്യസ്തവിദ്യരായ മുസ്‌ലിം യുവജനങ്ങൾക്ക് സിവിൽ സർവീസ്, യു പി എസ് സി, പി എസ് സി, ബേങ്കിംഗ് സർവീസ്, എൻട്രൻസ് തുടങ്ങിയ പരീക്ഷകൾക്കുള്ള ഹ്രസ്വകാല പരിശീലനങ്ങൾ നൽകുന്നതിനാണ് കേന്ദ്രങ്ങൾ തുടങ്ങിയത്. കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്ത് സെന്ററുകൾ അട്ടിമറിക്കാൻ വലിയ തോതിലുള്ള ശ്രമം നടന്നിരുന്നു.

മുസ്‌ലിം വിഭാഗത്തിന് പ്രത്യേകമായി എന്തിന് കോച്ചിംഗ് സെന്ററുകളെന്നും കോച്ചിംഗ് സെന്ററുകളിൽ ചേരാൻ സ്‌കോളർഷിപ്പ് നൽകിയാൽ മതിയെന്നുമായിരുന്നു ചീഫ് സെക്രട്ടറി വരെയെത്തിയ ഒരു നിർദേശത്തിലുണ്ടായിരുന്നത്. സ്‌കോളർഷിപ്പുകൾ നൽകി പ്രീണിപ്പിച്ച് ഘട്ടം ഘട്ടമായി സെന്ററുകളെ ഇല്ലാതാക്കുകയായിരുന്നു ഈ നീക്കത്തിന് പിന്നിൽ. ഇത് വിജയിച്ചില്ലെങ്കിലും സെന്ററുകളുടെ പേരിൽ നിന്ന് “മുസ്‌ലിം’ നീക്കം ചെയ്യുന്നതിൽ വിജയം കാണുകയും ചെയ്തു. മുസ്‌ലിം ഇതര സമുദായങ്ങളിൽ നിന്ന് കടുത്ത സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു “കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്’ എന്നാക്കി മാറ്റിയത്.

എൺപത് ശതമാനം സീറ്റ് മുസ്‌ലിംകൾക്കും ഇരുപത് ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി അനുപാതം കൊണ്ടുവരികയും ചെയ്തു. ഇതോടെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുൾപ്പെടെ നിരവധി പേർക്ക് പരിശീലന കേന്ദ്രത്തിൽ പ്രവേശനം ലഭിച്ചു. പല ജില്ലകളിലും 80:20 അനുപാതം പാലിച്ചതിനെ തുടർന്ന് മുസ്‌ലിം വിഭാഗങ്ങളിൽ നിന്നുള്ള നൂറുക്കണക്കിന് അപേക്ഷകർ പുറത്തായി.
വിവിധ ജില്ലകളിലായി 23 മൈനോറിറ്റി കോച്ചിംഗ് സെന്ററുകളാണ് പ്രവർത്തിക്കുന്നത്. നിലവിലുള്ള എൽ ഡി എഫ് സർക്കാറിന്റെ കാലത്ത് 15 സെന്ററുകളാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതിൽ എട്ടെണ്ണം പ്രവർത്തനമാരംഭിച്ചു. ഏഴെണ്ണം ഉടൻ പ്രവർത്തന സജ്ജമാകാനിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ സെന്ററുകൾ അട്ടിമറിക്കാനും നിലവിലുള്ള ചട്ടങ്ങളിൽ വെള്ളം ചേർക്കാനുമുള്ള നീക്കങ്ങളിൽ ആശങ്ക അറിയിച്ച് മുസ്‌ലിം സംഘടനകൾ സർക്കാറിനെ സമീപിച്ചിട്ടുണ്ട്. സെന്ററുകളിൽ പിന്നാക്ക വിഭാഗമായ മുസ്‌ലിംകൾക്ക് തന്നെ നൂറ് ശതമാനം സീറ്റുകളും അനുവദിക്കണമെന്നും സെന്ററുകൾക്ക് നേരത്തേയുണ്ടായിരുന്ന “കോച്ചിംഗ് സെന്റർ ഫോർ മുസ്‌ലിം യൂത്ത്’ എന്ന പേര് നിലനിർത്തണമെന്നുമാണ് ആവശ്യം.

താത്കാലിക തസ്തിക

എസ് സി, എസ് ടി വിഭാഗങ്ങൾക്ക് അനുവദിച്ച മാതൃകയിലായിരുന്നു സെന്ററുകൾ അനുവദിച്ചത്. പ്രിൻസിപ്പൽ (യു ജി സി), എൽ ഡി ക്ലാർക്ക്, കമ്പ്യൂട്ടർ ഓപറേറ്റർ, അറ്റൻഡർ ഉൾപ്പെടെ നാല് താത്കാലിക തസ്തികകളാണ് ഓരോ സെന്ററിനും അനുവദിച്ചത്. ഭൂരിപക്ഷം സ്ഥാപനങ്ങളും വാടകക്കെട്ടിടത്തിലും താത്കാലിക കെട്ടിടങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. ഇത് സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റുകയും സ്ഥിരം ജീവനക്കാരെ നിയമിക്കുകയും ചെയ്യാത്തിടത്തോളം ഏത് സമയത്തും സെന്ററുകൾ നിർത്തലാക്കാൻ കഴിയുമെന്നതാണ് ആശങ്ക.

മുസ്‌ലിം പിന്നാക്കാവസ്ഥയും പാലോളി റിപ്പോർട്ടും

രാജ്യത്തെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക അവസ്ഥയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സച്ചാർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റിയുടെ ശിപാർശകൾ കേരളത്തിൽ എത്തരത്തിൽ നടപ്പാക്കണമെന്ന് പഠിക്കാനാണ് 2007 ഒക്‌ടോബർ 15ന് സംസ്ഥാന സർക്കാർ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി സമിതിയെ നിയമിച്ചത്.

ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ സെൽ രൂപവത്കരിച്ച് വിവിധ പദ്ധതികൾക്ക് മുൻ എൽ ഡി എഫ് സർക്കാർ തുടക്കം കുറിച്ചു. സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിൽ മുസ്‌ലിം സമുദായം ഏറെ പിന്നിലാണെന്നും പരിശീലനം ലഭിക്കാത്തതാണ് പിന്നാക്കാവസ്ഥക്ക് കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തേക്കാളും ഏറെ പിന്നിലാണ് മുസ്‌ലിംകളെന്നും റിപ്പോർട്ട് അടിവരയിടുന്നു. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ ഉണ്ടെങ്കിലും ഇതിൽ പല വിഭാഗങ്ങളും മുന്നാക്കമാണെന്നും മതിയായ പ്രാതിനിധ്യം ലഭിച്ചവരുമാണെന്നും കണ്ടെത്തിയിരുന്നു.