Connect with us

Articles

നടേശ ഗുരുവും ഓപണ്‍ വര്‍ഗീയതയും

Published

|

Last Updated

ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ ഇരുപ്പുറപ്പിച്ചിട്ട് കാല്‍ നൂറ്റാണ്ട് തികയാന്‍ പോകുകയാണ്. 1996ല്‍ ആ സ്ഥാനം കൈയടക്കിയ (പണവും സ്വാധീനവും ഉപയോഗിച്ച് നേടിയെടുത്തതാകയാല്‍ കൈയടക്കിയ എന്ന് ഉപയോഗിക്കുന്നത് തന്നെയാണ് ഉചിതം) വെള്ളാപ്പള്ളി ഏറ്റവും കൂടുതല്‍ ജനറല്‍ സെക്രട്ടറിയായ വ്യക്തിയാണ്. വെള്ളാപ്പള്ളിയെ നിഷ്‌കാസനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവരൊക്കെ വാലുംചുരുട്ടി മടങ്ങേണ്ടി വന്ന കാഴ്ച ഇക്കാലത്തിനിടെ കാണുകയും ചെയ്തു. പണം, അധികാര കേന്ദ്രങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളുമായുള്ള ബന്ധം സമ്മാനിക്കുന്ന സ്വാധീനം എന്നിവയാണ് വെള്ളാപ്പള്ളിയുടെ “ഏകാധിപത്യ”ത്തിന്റെ അടിസ്ഥാനം. ഇക്കാലത്തിനിടെ പലവിധ കേസുകള്‍ അദ്ദേഹത്തിനെതിരെ ഉയരുകയുണ്ടായി. അനധികൃത സ്വത്ത് സമ്പാദനം മുതല്‍ ലൈസന്‍സില്ലാത്ത വാക്കിടോക്കി വീട്ടില്‍ സൂക്ഷിച്ചതുള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വിധേയമായ കേസുകളുണ്ട്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് മുതല്‍ ക്ഷേത്ര സ്വത്തും സംഘടനാ സ്വത്തും ദുരുപയോഗം ചെയ്തു എന്നത് വരെ സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചതോ അന്വേഷിക്കുന്നതോ ആയ കേസുകള്‍ വേറെ. വെള്ളാപ്പള്ളിയുടെ അടുത്തയാളും യോഗത്തിന്റെ കണിച്ചുകുളങ്ങര യൂനിയന്‍ (വെള്ളാപ്പള്ളിയുടെ വീടുള്‍പ്പെടുന്ന പ്രദേശം) സെക്രട്ടറിയുമായ കെ കെ മഹേശന്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതുള്‍പ്പെടെ കേസുകള്‍ വേറെ. വെള്ളാപ്പള്ളിയുടെ അറിവോടെ നടന്ന സാമ്പത്തിക ക്രമക്കേടില്‍ മുഖ്യ ഉത്തരവാദിയാകുമെന്ന ഭയം മൂലം മഹേശന്‍ ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം. ഈ കേസില്‍ വെള്ളാപ്പള്ളിയെ കേരള പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.

ഇത്തരം കേസുകളിലെ അന്വേഷണ ഘട്ടങ്ങളിലൊക്കെ, സംസ്ഥാന ജനസംഖ്യയില്‍ 27 ശതമാനം വരുന്ന ഈഴവ വിഭാഗത്തിന്റെയാകെ നേതൃത്വം അവകാശപ്പെട്ട് സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്താനാണ് വെള്ളാപ്പള്ളി ശ്രമിച്ചിട്ടുള്ളത്. ആ സമ്മര്‍ദങ്ങള്‍ക്ക് ഇടത് – ഐക്യ മുന്നണികള്‍ വഴങ്ങാറാണ് പതിവ്. അവകാശപ്പെടുന്ന സ്വാധീനമൊന്നും നടേശ ഗുരുവിന് സ്വസമുദായത്തിലില്ലെന്ന് പലകുറി തെളിഞ്ഞതാണ്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വി എം സുധീരന്‍ മത്സരിച്ചപ്പോഴൊക്കെ അദ്ദേഹത്തെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും അതിന് പാകത്തില്‍ വോട്ടുചെയ്യാന്‍ സമുദായാംഗങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. സമുദായാംഗങ്ങളുടെ രാഷ്ട്രീയ തീരുമാനത്തെ ഒരു വിധത്തിലും സ്വാധീനിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞില്ലെന്നതിന് തെളിവായിരുന്നു വി എം സുധീരന്‍ നേടിയ വലിയ വിജയങ്ങള്‍. പില്‍ക്കാലം, കെ സി വേണുഗോപാലിനെ ആലപ്പുഴയില്‍ തോല്‍പ്പിക്കുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചപ്പോഴും ഫലം വ്യത്യസ്തമായിരുന്നില്ല.

എന്നിട്ടും വെള്ളാപ്പള്ളിക്കു മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കാനാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം തീരുമാനിച്ചത്. ആ ഓച്ഛാനിച്ചുനില്‍ക്കല്‍ വെള്ളാപ്പള്ളിയുടെ മുന്നില്‍ മാത്രമല്ല എന്ന വസ്തുതയും നമ്മുടെ മുന്നിലുണ്ട്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയെ പെരുന്നയില്‍ പോയി വണങ്ങണമെന്ന ഹുങ്കിന് വഴങ്ങാതിരിക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന സി പി ഐ (എം) നേതാക്കള്‍ മാത്രമാണ്. അത്രയും ആശ്വാസം. എങ്കിലും എന്‍ എസ് എസിനെ പിണക്കാതെ നോക്കാന്‍ പരോക്ഷമായി അവരും ശ്രമിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലെ ഉന്നതാധികാര സ്ഥാനങ്ങളിലെ ജാതി സമവാക്യം ഉറപ്പിക്കുന്നത് മുതല്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തല്‍ വരെ (അത് ഇടത് ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണെങ്കില്‍ പോലും) അതിനുള്ള മാര്‍ഗങ്ങളാണ്.
ഇവ്വിധമുള്ള സമുദായ നേതാക്കളൊക്കെ അധികാര മാറ്റത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിലപാടുകളെടുക്കുകയാണ് പതിവ്. ഇക്കാര്യത്തില്‍ അഗ്രഗണ്യനാണ് വെള്ളാപ്പള്ളി നടേശന്‍. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങളെ യോജിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ യാത്രക്ക് ശേഷം പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടി മകന്റെ നേതൃത്വത്തില്‍ ബി ജെ പിക്കൊപ്പവും, ആ പാര്‍ട്ടിയെ ബി ജെ പിക്കൊപ്പം ചേര്‍ത്ത് വിലപേശാന്‍ അമിത് ഷായെയും നരേന്ദ്ര മോദിയെയും കാണാന്‍ പോയ വെള്ളാപ്പള്ളി പാര്‍ട്ടി ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടത് മുന്നണിയുടെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പവും നിന്നത് സമുദായത്തിന്റെ താത്പര്യത്തേക്കാളുപരി തന്റെയും മകന്റെയും താത്പര്യ സംരക്ഷണത്തിനായിരുന്നു. ഇപ്പോള്‍, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് അധികം കാലമില്ലാതിരിക്കെ ഇടത് മുന്നണിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രംഗത്തുവരുന്നതിന് പിറകിലും മറ്റൊരു താത്പര്യമല്ല.

സംസ്ഥാനത്ത് പ്രഖ്യാപിച്ച ഓപണ്‍ സര്‍വകലാശാലയുടെ തലപ്പത്ത് മുസ്‌ലിം സമുദായാംഗത്തെ നിയമിച്ചതാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പ്രകോപനം. വിദൂര വിദ്യാഭ്യാസത്തിന് പ്രത്യേകം സൗകര്യമൊരുക്കി ആ ജോലിയില്‍ നിന്ന് വ്യവസ്ഥാപിത സര്‍വകലാശാലകളെ ഒഴിവാക്കി, രണ്ടിടത്തും നിലവാരമുറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉദ്ദേശ്യം. ഏറെ വൈകിയാണെങ്കിലും ഇത്തരമൊരു സംവിധാനമൊരുക്കിയത് പൊതുവില്‍ സ്വാഗതം ചെയ്യപ്പെടുന്നു. സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കിയത്, മലയാളി സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ ഉചിതമായ തീരുമാനമാണ്. എങ്കിലും അതിലൊരു ജാതി പ്രീണനം വേണമെങ്കില്‍ കാണാം, പ്രത്യേകിച്ച് സര്‍വകലാശാലയുടെ ആസ്ഥാനം കൊല്ലത്താക്കുമ്പോള്‍.

സര്‍വകലാശാലയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് എസ് എന്‍ ഡി പി യോഗ നേതാക്കളെ ക്ഷണിച്ചില്ലെന്നതാണ് വെള്ളാപ്പള്ളിയുടെ ഒരു പരാതി. ഓപണ്‍ സര്‍വകലാശാല ഏതെങ്കിലുമൊരു സമുദായത്തിന് വേണ്ടി മാത്രമല്ലാത്തതുകൊണ്ട് ഏതെങ്കിലുമൊരു സമുദായ നേതാവിനെ ക്ഷണിക്കണമെന്ന് പറയുന്നതില്‍ ഔചിത്യമില്ല. ശ്രീനാരായണ ഗുരുവിന്റെ പേര് സര്‍വകലാശാലക്ക് നല്‍കിയതുകൊണ്ട് എസ് എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയെ ഉദ്ഘാടനത്തിന് ക്ഷണിക്കണമെന്നുമില്ല. ശ്രീനാരായണ ഗുരു ഈഴവ സമുദായത്തിന്റെ മാത്രം ഗുരുവല്ല, ഇനി അങ്ങനെയാണെന്ന് എസ് എന്‍ ഡി പി യോഗം വാദിച്ചാലും ഗുരുവിന്റെ പേരിലുള്ള ഔദാര്യങ്ങള്‍ക്ക് യാതൊരു അവകാശവുമുള്ളയാളല്ല വെള്ളാപ്പള്ളി. ഗുരു ദര്‍ശനങ്ങളോട് ഒരു നിലക്കും യോജിക്കാത്ത വ്യക്തി യോഗ നേതൃത്വത്തിലിരിക്കുന്നത് 1996ല്‍ ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ നാള്‍ മുതല്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. സവര്‍ണാധിപത്യത്തിന് വേണ്ടി യത്‌നിക്കുന്ന തീവ്ര ഹിന്ദുത്വത്തിന്റെ ആലയില്‍ ഈഴവ സമുദായത്തെ കൊണ്ടുപോയി കെട്ടാന്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമം, ഗുരുവിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ലല്ലോ.

അതിനുമപ്പുറത്ത്, മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് വളര്‍ത്താന്‍ കൈയയച്ച് സംഭാവന ചെയ്ത വ്യക്തി കൂടിയാണ് വെള്ളാപ്പള്ളി. അതിന്റെ തുടര്‍ച്ചയാണ് ഓപണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി മുബാറക് പാഷയെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിക്കുന്നതിലും നിഴലിക്കുന്നത്. കോഴിക്കോട്ട് രണ്ട് ജീവനുകളെ രക്ഷിക്കാന്‍ മാന്‍ഹോളിലിറങ്ങി മരണത്തിന് കീഴടങ്ങിയ യുവാവിന്റെ കുടുംബത്തെ സഹായിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മുസ്‌ലിമായതുകൊണ്ടാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നതെന്ന് കുറ്റപ്പെടുത്താന്‍ മടികാണിച്ചിട്ടില്ല വെള്ളാപ്പള്ളി, ഹിന്ദുവാണെങ്കില്‍ സഹായം നല്‍കുമായിരുന്നോ എന്ന് ചോദിക്കാനും. തീര്‍ത്തും വര്‍ഗീയമായ അശ്ലീലം പറഞ്ഞ ഇതേ നാവ് തന്നെയാണ് “ലവ് ജിഹാദെ”ന്ന വ്യാജം പ്രചരിപ്പിക്കാന്‍ സംഘ്പരിവാറുമായി ബന്ധപ്പെട്ട സംഘങ്ങള്‍ ശ്രമിച്ചപ്പോള്‍ അതിന് അരുനിന്നത്.

മുബാറക് പാഷയുടെ നിയമനത്തെ വിമര്‍ശിക്കുമ്പോഴും പുറത്തുവരുന്നത് മുസ്‌ലിം വിരുദ്ധതയല്ലാതെ മറ്റൊന്നല്ല. ഈഴവ സമുദായത്തിന്, അതുവഴി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട ഉന്നത സ്ഥാനം ഇടത് മുന്നണി സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് കൈമാറിയെന്ന സംഘ്പരിവാര്‍ വാദം, പരിവാരത്തിന് പുറത്തുള്ളയാളെന്ന പ്രതിച്ഛായ നിലനിര്‍ത്തുന്ന സമുദായ നേതാവ് ഉന്നയിക്കുമ്പോള്‍ പ്രത്യേകിച്ചും. ഇവര്‍ ഇടക്കണിയുന്ന നവോത്ഥാന മേലങ്കി പോലും സംഘ്പരിവാരത്തിന്റെ ട്രോജന്‍ കുതിരയാകാനാണെന്ന് ന്യായമായും സംശയിക്കണം. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ എന്ന് നിഷ്‌കര്‍ഷിച്ച ശ്രീനാരായണ ഗുരുവിന്റെ ധര്‍മ പരിപാലന യോഗത്തിന്റെ നേതൃത്വത്തില്‍ ഇനിയും വെള്ളാപ്പള്ളി തുടരും. കാലശേഷം പാരമ്പര്യ സ്വത്ത് പോലെ മകന് കൈമാറിക്കിട്ടുകയും ചെയ്‌തേക്കും. മതനിരപേക്ഷ ജനാധിപത്യത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന പതിവ് തുടരുകയാണെങ്കില്‍, സമുദായത്തെ മറയാക്കി, വര്‍ഗീയ ധ്രുവീകരണത്തിനുള്ള അവസരം ഇനിയും തുറന്നിടലാകും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest