Connect with us

Local News

പത്തനംതിട്ടയില്‍ കോടതികള്‍ കണ്ടെയ്‌ൻമെന്റ് സോണില്‍; കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. അഭിഭാഷകര്‍ക്കിടയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കലക്ടര്‍ക്ക് കത്ത് നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ മുന്നറിയിപ്പ് അവഗണിച്ച്  സെപ്തംബര്‍ 29ന് നടന്ന പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത അംഗങ്ങള്‍ക്കിടയിലാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയും ട്രഷററും ഉള്‍പ്പെടെ പത്തിലധികം അഭിഭാഷകര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത രണ്ട് അഭിഭാഷകര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഡി എം ഒയുടെ മുന്നറിയിപ്പ് അവഗണിച്ച് നടന്ന ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതറിഞ്ഞ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ എല്‍ ഷീജ സെപ്റ്റംബര്‍ 18ന് തന്നെ ആറ് ആഴ്ചത്തേക്ക് മാറ്റി വയ്ക്കുന്നതായിരിക്കും ഉചിതമെന്ന് ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഡിഎംഒയുടെ ആവശ്യം മുഖവിലക്കെടുക്കാതെ നടത്തിയ തിരഞ്ഞെടുപ്പില്‍ 332 അഭിഭാഷകരാണ് പങ്കെടുത്തത്. നൂറിലധികം അഭിഭാഷകര്‍ വിജയാഹ്ളാദ പ്രകടനവും നടത്തി. ആഘോഷത്തില്‍ പങ്കെടുത്തവരായിരുന്നു നേരത്തേ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ഒരു വിഭാഗം അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. മിനി സിവില്‍ സ്റ്റേഷനിലും പരിസരത്തുമായി പ്രവര്‍ത്തിക്കുന്ന 14 കോടതികളിലായി 550 ഓളം അഭിഭാഷകരാണ് ജോലി ചെയ്യുന്നത്.

ഇതുകൂടാതെ തിരുവല്ല, അടൂര്‍, റാന്നി എന്നിവിടങ്ങളില്‍ നിന്നും അഭിഭാഷകര്‍ ജോലിക്കെത്തുന്നുണ്ട്. ഇവര്‍ക്കിടയില്‍ കൊവിഡ് പടരാനിടയായാല്‍ ജില്ലയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകാനിടവരുമെന്നും അഭിഭാഷക ഗുമസ്തര്‍ക്കിടയിലും രോഗവ്യാപനമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ഡി എം ഓയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കോടതികള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്‌റ്റേഷന്‍ ശനിയാഴ്ച കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പി ബി നൂഹ് പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest