Connect with us

National

സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച് രാകേഷ് എം പി

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ കെ രാകേഷ് എം പി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ദളിത് വിരുദ്ധ നടപടികള്‍ക്കെതിരെ പോരാടുന്ന വ്യക്തിയാണ് സ്വാമി. അമ്പത് വര്‍ഷത്തോളമായി ദളിത് വിഭാഗക്കാരുടെ അവകാശ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്നയാളാണ് അദ്ദേഹം. ചോദ്യം ചെയ്യലിന് എല്ലായിപ്പോഴും പൂര്‍ണമായി സഹകരിച്ചിട്ടുള്ള സ്വാമിയെ അര്‍ധ രാത്രിയില്‍ അറസ്റ്റ് ചെയ്തത് ഒരു തരത്തിലും നീതീകരിക്കാനാകില്ലെന്നും കത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറും എന്‍ ഡി എ നേതൃത്വത്തിലുള്ള ഝാര്‍ഖണ്ഡ് സര്‍ക്കാറും ജനാധിപത്യ ധ്വംസനമാണ് നടത്തുന്നത്. ഇതിനെതിരെ ശബ്ദിച്ച 3000 ത്തോളം പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവരില്‍ പലരെയും കാണാനില്ല. ഇവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.അധ്യാപകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുമ്പ്ദെ, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹനിബാബു, പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ശബ്ദമുയര്‍ത്തിയ അസാമിലെ ഹിരണ്‍ ഗോഹെയിന്‍ എന്നിവര്‍ക്കെതിരെയും നടപടിക്ക് കേന്ദ്രം ഒരുങ്ങുന്നതായാണ് വിവരം. സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും രാകേഷ് ആവശ്യപ്പെട്ടു.

അറസ്റ്റ് മനുഷ്യത്വ വിരുദ്ധം: ചെന്നിത്തല
ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 84 വയസുള്ള വൈദികനെ സാമാന്യ നീതിക്കു നിരക്കാത്ത നിലയില്‍ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഭരണകൂടം വ്യക്തമാക്കണം. പ്രായാധിക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന അദ്ദേഹത്തോട് ഒരും മര്യാദയും കാണിക്കാതെയാണ് എന്‍ ഐ എ അര്‍ധരാത്രി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും അന്വേഷണത്തോട് സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞിട്ടും കണക്കിലെടുക്കാതെ നടത്തിയ അറസ്റ്റ് മനുഷ്യത്വ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

Latest