Connect with us

Articles

നടന്നകന്നു, ആ സാഹസിക സഞ്ചാരി

Published

|

Last Updated

സഞ്ചാരവും യാത്രയും രണ്ട് വ്യത്യസ്ത അനുഭവങ്ങളാണെന്ന് നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്ന ഒരാള്‍ ജീവിതത്തില്‍ നിന്ന് നടന്നുമറഞ്ഞിരിക്കുന്നു. “ഹിച്ച് ഹിക്കിംഗ്” എന്ന ഏകാന്ത സഞ്ചാരം പ്രാധാന്യം നേടുന്നതിന് കാലങ്ങള്‍ക്കപ്പുറം കൈയില്‍ ചില്ലിക്കാശ് കരുതാതെ മൂന്ന് വന്‍കരകളിലെ 43 രാജ്യങ്ങളിലൂടെ കടന്നുപോയ അത്യപൂര്‍വ സഞ്ചാരിയായിരുന്നു 61ാം വയസ്സില്‍ ഇന്നലെ അന്തരിച്ച മൊയ്തു കിഴിശ്ശേരി.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് സൂഫികള്‍ക്കുള്ള സങ്കല്‍പ്പമാണ് അദ്ദേഹത്തെ സഞ്ചാരത്തിലേക്ക് പ്രേരിപ്പിച്ചത്. പടച്ചവന്‍ വിധിച്ചത് ഓരോരുത്തര്‍ക്കും ലഭിക്കുമെന്ന പരമമായ വിശ്വാസം. പത്താം വയസ്സില്‍ 200 രൂപ കൈയില്‍ വന്നപ്പോള്‍ 150 രൂപ കഷ്ടപ്പെടുന്നവര്‍ക്ക് ദാനം നല്‍കി 50 രൂപയുമായി യാത്രക്കിറങ്ങിയവനാണ് മൊയ്തു. ടിക്കറ്റില്ലാതെ പ്ലാറ്റ്്ഫോമില്‍ കയറിയതിന് കോഴിക്കോട് റെയില്‍വേ കോടതിയില്‍ 15 രൂപ പിഴയടച്ച് പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍കണ്ട തീവണ്ടിയില്‍ ഓടിക്കയറി ഡല്‍ഹിയില്‍ എത്തിയതാണ് ആദ്യത്തെ ഏഴാണ്ടുകള്‍ നീണ്ട സഞ്ചാരം.

രാജ്യാതിര്‍ത്തികള്‍ ഭൂപടത്തിലെ വെറും വരകളാണെന്ന് സങ്കല്‍പ്പിച്ചുള്ള രണ്ടാംഘട്ട യാത്ര ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വന്‍കരകള്‍ പിന്നിട്ടു. 25 വയസ്സ് വരെയുള്ള ആ അലച്ചില്‍ ഓരോ നാട്ടിലേയും മനുഷ്യാനുഭവങ്ങളും സംസ്‌കാരവും തൊട്ടറിയാനുള്ളതായിരുന്നു. പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെയുള്ള ഈ യാത്രകളില്‍ അതിസാഹസികമായാണ് ഓരോ രാജ്യാതിര്‍ത്തികളും കടന്നത്. നാരങ്ങത്തോട്ടത്തിലൂടെ പാക്കിസ്ഥാനിലേക്ക് കടന്ന അനുഭവം അദ്ദേഹം വിവരിക്കാറുണ്ടായിരുന്നു. കാല്‍നടയായും കിട്ടുന്ന വണ്ടിക്ക് കൈകാണിച്ചും യാത്രകള്‍ തുടര്‍ന്നു. അത്രയും നാടുകള്‍ക്ക് വഴങ്ങുന്ന ഭാഷയും അദ്ദേഹം വശത്താക്കിയിരുന്നു. പാക്കിസ്ഥാനിലൂടെ, അഫ്ഗാനിസ്ഥാനിലൂടെ, ചൈനയിലൂടെ, സോവിയറ്റ് യൂനിയനിലൂടെ അങ്ങനെ അനന്തമായ സഞ്ചാരം. ആ നാടോടി ജീവിതത്തിനിടെ ഏറെ തൊഴിലുകള്‍ ചെയ്തു, അറിവുകള്‍ നുകര്‍ന്നു, ഷെല്ലുകള്‍ പതിക്കുന്ന ഇറാന്‍- ഇറാഖ് യുദ്ധഭൂമിയില്‍ വരെ ആ സഞ്ചാരമെത്തി.
യാത്രകള്‍ക്ക് ലക്ഷ്യമുണ്ടാകും. പുറപ്പെടാനും മടങ്ങിവരാനും തീരുമാനിച്ചുറപ്പിച്ച മാര്‍ഗങ്ങളും നിശ്ചയിച്ചുറപ്പിച്ച ദിവസങ്ങളുമുണ്ടാകും. എന്നാല്‍, സഞ്ചാരിക്ക് ഇതൊന്നുമില്ല… അതായിരുന്നു സഞ്ചാരവും യാത്രയും തമ്മിലുള്ള വൈരുധ്യമെന്ന് അദ്ദേഹം പറയുമായിരുന്നു. ദേശാടകനായ ദര്‍വീശിന്, സഞ്ചാരിയായ ഫഖീറിന് സഞ്ചാരനിയമങ്ങളൊന്നുമില്ല.

കൃത്രിമ പൗരത്വരേഖകളുമായിട്ടായിരുന്നു പല യാത്രകളും. പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രവേദനകള്‍ ഏറെ അറിഞ്ഞതായിരുന്നു ആ സഞ്ചാരങ്ങള്‍. പാക്കിസ്ഥാനില്‍ നിന്ന് അഫ്ഗാന്‍ അതിര്‍ത്തി കടന്ന് കിര്‍ഗിസ്ഥാനും താജിക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും കസാക്കിസ്ഥാനും ചുറ്റി ഇറാനിലും ഇറാഖിലും എത്തി. ഇറാഖീ സൈനികര്‍ പിടികൂടിയപ്പോള്‍ മനോഹരമായ തന്റെ ഖുര്‍ ആന്‍ പാരായണത്തിലൂടെ പട്ടാള ക്യാമ്പിലെ ഗുരുവായി മാറി.
ബാപ്പ ഇല്ലിയന്‍ അഹ്്മദ് കുട്ടി ഹാജി കിഴിശ്ശേരിയിലെ പ്രമാണിയായിരുന്നു. പാക്കിസ്ഥാന്‍ പൗരത്വമുള്ള ഹാജിക്ക് സഊദിയില്‍ കച്ചവടമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബത്തില്‍ പട്ടിണിമൂടി. ദാരിദ്ര്യം കാരണം സ്‌കൂളിന്റെ പടിയിറങ്ങി. 1969ല്‍ പത്താംവയസ്സില്‍ തുടങ്ങിയ സഞ്ചാരത്തിന് അര്‍ധവിരാമമിടുന്നത് 1984 നവംബര്‍ ഒന്നിനായിരുന്നു. സഞ്ചാരത്തിന്റെ അനന്തമായ അനുഭവങ്ങളുമായി തിരിച്ചെത്തിയ വര്‍ഷംതന്നെ സഫിയയെ വിവാഹം ചെയ്തു.

തൊഴില്‍ തേടി സഊദിയിലെത്തിയ ഘട്ടത്തിലാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി സഞ്ചാര അനുഭവങ്ങള്‍ പുസ്തകങ്ങളിലേക്ക് പകര്‍ത്തുന്നത്. അങ്ങനെ ഒന്നിനൊന്ന് മെച്ചമായ ഏഴ് പുസ്തകങ്ങള്‍ പിറവികൊണ്ടു. പ്രണയിനികളുടെ ഓര്‍മകള്‍ നിറയുന്ന ദര്‍ദെ ജുദാഈ, സങ്കീര്‍ണമായ യാത്രാപഥങ്ങള്‍ വിവരിക്കുന്ന ലിവിംഗ് ഓണ്‍ ദ എഡ്ജ്, ദൂര്‍ കെ മുസാഫിര്‍, തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര, ചരിത്ര ഭൂമികളിലൂടെ, മരുഭൂ കാഴ്ചകൾ, സൂഫികളുടെ നാട്ടിൽ തുടങ്ങിയ ഏഴ് സഞ്ചാരവിവരണങ്ങള്‍ ആ ജീവിതത്തെ അനശ്വരമാക്കി. അനേകം രാജ്യങ്ങളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമഗ്രികള്‍ ശേഖരിച്ച ആ വീട് ഒരു മ്യൂസിയമായി.

ഇബ്‌നു ബത്തൂത്തയായിരുന്നു സഞ്ചാര ബാല്യത്തില്‍ മൊയ്തുവിന്റെ പ്രേരണ. പള്ളി ദര്‍സില്‍ നിന്നാണ് അങ്ങനെ ഒരു സഞ്ചാരിയെക്കുറിച്ച് കേള്‍ക്കുന്നത്. എന്നാല്‍, ഇബ്‌നു ബത്തൂത്ത പരിവാരങ്ങളോടൊപ്പം വന്ന് സ്വര്‍ണവും വജ്രവും ഭരണാധികാരികള്‍ക്ക് കാഴ്ചവെച്ച് അവരുടെ അതിഥികളായാണ് സഞ്ചരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞതിനാല്‍ ആ സഞ്ചാരത്തില്‍ മൊയ്തുവിന് മതിപ്പ് നഷ്ടപ്പെട്ടു.

യാത്രയില്‍ അന്തിയുറങ്ങിയതെല്ലാം ആരാധനാലയങ്ങളിലും വഴിയരികിലുമൊക്കെയായിരുന്നു. പേമാരിയും കൊടുങ്കാറ്റും പകര്‍ച്ചവ്യാധികളുമെല്ലാം അനുഭവിച്ചു. ഒരു നാട്ടിലെത്തിയാല്‍ അവിടത്തുകാരോടൊപ്പം ഭക്ഷണം കഴിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഭക്ഷണത്തിലൂടെയാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനുമായി ചേരാന്‍ കഴിയുക. നമ്മെക്കൊണ്ടുകഴിയുന്ന പോലെ അവരെ സഹായിക്കണം. പണമില്ലാതെയും മറ്റുള്ളവരെ സഹായിക്കാന്‍ അനേകം വഴികളുണ്ട്. അവരിലൊരാളായി മാറിയാല്‍ മാത്രമേ അവരുടെ ജീവിതം നമുക്ക് അനുഭവിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറയാറുണ്ട്. ദൃഢനിശ്ചയമുണ്ടെങ്കില്‍ ഏത് പ്രതിബന്ധവും നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടുമെന്ന സൂഫി വാക്യമായിരുന്നു മൊയ്തുവിന്റെ ശക്തി.
പാക്കിസ്ഥാനിലെ സഞ്ചാരം പൂര്‍ത്തിയാക്കി ചൈനയിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് മൊയ്തു വിശദീകരിച്ചതെല്ലാം അമ്പരപ്പിക്കുന്നതായിരുന്നു. പെഷവാറില്‍ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഖൈബര്‍ ചുരത്തിലെത്തി. ചുരം കയറിയിറങ്ങിയാല്‍ കാബൂളിലെത്താം. മലമ്പാതകളിലൂടെ ചൈനയിലെത്താം. ഹിന്ദുകുഷ് പര്‍വതത്തിന്റെ 1,067 മീറ്റര്‍ ഉയരം താണ്ടി തണുത്ത് വിറച്ച് താഴേക്കിറങ്ങി. ചൈനീസ് പട്ടാളക്കാരുടെ കണ്ണില്‍ പെടാതെ ചരക്ക് ലോറിയിലും കാളവണ്ടിയിലുമായി അഫ്ഗാന്‍ പ്രവിശ്യയിലൂടെ തുര്‍ക്ക്‌മെനിസ്ഥാനിനടുത്തുള്ള ഗോത്രവര്‍ഗക്കാരുടെ ഇടയിലാണ് ചെന്നുപെട്ടത്. ചൈനയിലേക്ക് കടക്കണമെങ്കില്‍ നദി കടക്കണം. മുളകൊണ്ടുള്ള ചങ്ങാടത്തില്‍ മറുകരയിലെത്തി. ഏറെദൂരം നടന്നപ്പോഴാണ് ടാര്‍ ചെയ്ത റോഡ് കണ്ടത്. ഒരു ലോറിയില്‍ യാര്‍ഗന്ദിലെത്തി. അവിടെനിന്ന് 1977 ജനുവരി 25നു ബീജിംഗിലെത്തി. തിബത്ത്, ബര്‍മ, ഉത്തര കൊറിയ, മംഗോളിയ എന്നിവിടങ്ങളില്‍ പോയാണ് ആ യാത്ര അവസാനിച്ചത്. വീണ്ടും പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാണ് ഇന്ത്യയിലേക്ക് കടന്നത്.
അഫ്ഗാന്‍, റഷ്യ, തുര്‍ക്കി, ഇറാന്‍, ഇറാഖ്, അസര്‍ ബെയ്ജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, സ്വിറ്റ്‌സര്‍ലാൻഡ്, ജോര്‍ജിയ, ബള്‍ഗേറിയ, പോളണ്ട്, ലബനന്‍, ഇസ്റാഈല്‍, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉക്രൈൻ, ചെച്‌നിയ, ലിബിയ, ടുണീഷ്യ, ജോർദാന്‍, അള്‍ജീരിയ, ഈജിപ്ത്, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, അര്‍മീനിയ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി, ലക്‌സംബര്‍ഗ് അങ്ങനെയാണ് വന്‍കരകള്‍ താണ്ടിയുള്ള യാത്ര.

യാത്രക്കിടയില്‍ ഒരു പ്രലോഭനങ്ങളിലും പെട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മദ്യം, മയക്കുമരുന്ന്, പുകവലി, ലൈംഗികത എന്നിവയെ അകറ്റിനിര്‍ത്തി. 2005ല്‍ വീണ്ടും സഊദിയില്‍ നിന്ന് ജോർദാന്‍ വരെ യാത്ര നടത്തിയെങ്കിലും അപ്പോഴേക്കും അതിര്‍ത്തികളിലെല്ലാം നിയമം കര്‍ശനമായിക്കഴിഞ്ഞിരുന്നു. നാട്ടിലെത്തി ജീവിത സമരത്തില്‍ ഏര്‍പ്പെടുകയായിരുന്നു പിന്നീട്. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മുസ്്ലിയാര്‍ അങ്ങനെ നിരവധി ജോലികള്‍. ദാമ്പത്യ ബന്ധങ്ങള്‍ കൂട്ടിയിണക്കുന്ന നല്ലൊരു കൗണ്‍സലറായും അദ്ദേഹം അറിയപ്പെട്ടു. ഇക്കാലത്താണ് പുരാവസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. ഓരോ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച പുരാവസ്തുക്കളെല്ലാം പലര്‍ക്കും സമ്മാനമായി നല്‍കിയിരുന്നു. ആയിരത്തി
ലധികം പുരാവസ്തുക്കളെക്കൊണ്ട് വീട് നിറഞ്ഞു.
പിന്നീട്, പ്രമേഹം ജീവിതം മാറ്റിമറിച്ചു. രണ്ട് വൃക്കകളും തകരാറിലായി. രോഗം വലച്ചതോടെ ചികിത്സക്ക് പണമില്ലാതായി. മുമ്പ് കോടികള്‍ വിലപറഞ്ഞിട്ടും കൊടുക്കാതിരുന്ന പുരാവസ്തുക്കള്‍ കൊണ്ടോട്ടി വൈദ്യര്‍ അക്കാദമിക് മ്യൂസിയം നിര്‍മിക്കാനായി നല്‍കി. തുര്‍ക്കിയില്‍ നിന്ന് പഠിച്ച അറബിക് കാലിഗ്രാഫിയായിരുന്നു പിന്നെ ആശ്വാസം. രോഗം തളര്‍ത്തിയിട്ടും അദ്ദേഹം നിരാശനായിരുന്നില്ല. അനന്തമായ സഞ്ചാരം സമ്മാനിച്ച അനുഭവങ്ങള്‍ അത്രയേറെ അദ്ദേഹത്തെ സമ്പന്നനാക്കിയിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest