ജാതിവിവേചനം: തമിഴ്‌നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റിന് ഇരിപ്പിടമില്ല; മീറ്റിംഗില്‍ തറയിലിരിക്കണം

Posted on: October 10, 2020 4:38 pm | Last updated: October 10, 2020 at 4:38 pm

ചെന്നൈ | രാജ്യത്ത് പലയിടങ്ങളിലും ഇപ്പോഴും കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. തമിഴ്‌നാട്ടിലെ തേര്‍ക്കു തിട്ടൈ ഗ്രാമത്തില്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്ത്രീയെ കസേരയില്‍ ഇരിക്കാന്‍ അനുവദിക്കാതെ കടുത്ത വിവേചനം കാണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ട ഇവര്‍ തറയിലും മറ്റു അംഗങ്ങള്‍ കസേരയിലും ഇരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ജാതിവിവേചനം പുറംലോകമറിയുന്നത്. ഇതോടെ കുടല്ലൂര്‍ ജില്ലാ കലക്ടര്‍ ഇടപെടുകയും പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവം റിപ്പോര്‍ട്ട് ചെയ്യാത്തതിനായണ് സെക്രട്ടറിക്ക് എതിരായ നടപടി.

ആദി ദ്രാവിഡ വിഭാഗത്തില്‍പെട്ട സ്ത്രീ സംവരണത്തിലൂടെയാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് മുതല്‍ അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്ക് കണക്കില്ല. പ്രസിഡന്റായ അവരെ യോഗത്തില്‍ അധ്യക്ഷയാക്കുകയോ വിശേഷ ദിവസങ്ങളില്‍ പതാക ഉയര്‍ത്തുവാന്‍ അനുവദിക്കുകയോ ചെയ്യില്ല. പകരം വൈസ്പ്രസിഡന്റാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതിന് പകരം വൈസ് പ്രസിഡന്റിന്റെ പിതാവാണ് പതാക ഉയര്‍ത്തുന്നത്. ഉയര്‍ന്ന ജാതിയില്‍ പെട്ടവരുമായി പരമാവധി സഹകരിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് അസഹനനീയമായിട്ടുണ്ടെന്ന് പഞ്ചായത്് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളിലും കടുത്ത അയിത്തവും ജാതി വിവേചനവും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് ഭക്ഷണം നല്‍കുന്ന പാത്രത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ ഭക്ഷണം കഴിക്കില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് മാന്യമായി വസ്ത്രം ധരിക്കുന്നതിന് വരെ വിലക്കുണ്ട്. പല ഗ്രാമങ്ങളിലും പട്ടികജാതിക്കാര്‍ക്ക് താമസിക്കാന്‍ പ്രത്യേക സ്ഥലങ്ങളുണ്ട്. ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കൂടി കടന്നുപോകുമ്പോള്‍ അവര്‍ക്ക് പാദരക്ഷ ധരിക്കാന്‍ അനുവാദമില്ല. ഇതുവഴി പോകുന്ന താഴ്ന്ന ജാതിയില്‍പെട്ടവര്‍ ചെരിപ്പുകള്‍ കൈയില്‍ പിടിച്ച് നടക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഒരു പതിറ്റാണ്ടു മുമ്പ് വരെ മധുര ജില്ലയിലെ പാപ്പപട്ടി, കീരിപ്പട്ടി, നട്ടാര്‍മംഗലം എന്നീ മൂന്ന് സംവരണ ഗ്രാമപഞ്ചായത്തുകളില്‍ പട്ടികവര്‍ഗ സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നില്ല. ജാതി വിവേചനം കാരണം ജീവഹാനി ഭയന്നായിരുന്നു ഇത്.