Connect with us

National

സമീപാകാലത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | സമീപകാലത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്ര്യങ്ങളില്‍ ഒന്നാണ് അഭിപ്രായ സ്വാതന്ത്ര്യമെന്ന് സുപ്രീം കോടതി. ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസില്‍ ജൂനിയറായ ഒരു ഉദ്യോഗസ്ഥന്‍ വഴി മറുപടി നല്‍കിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ നടപടി അങ്ങേയറ്റം ധിക്കാരപരവും ലജ്ജാകരവുമാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.

തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. ഈ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം മാധ്യമങ്ങളെ ന്യായീകരിക്കുന്നതായിരുന്നു. മോശം റിപ്പോര്‍ട്ടിംഗിന്റെ ഉദാഹരണങ്ങള്‍ വാര്‍ത്തകളില്‍ കാണാനാകുന്നില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. ഇത് കോടതിയെ ചൊടിപ്പിച്ചു. അങ്ങിനെയെങ്കില്‍ മോശം റിപ്പോര്‍ട്ടിംഗിന്റെ ഉദാഹരണങ്ങളും അതില്‍ എടുത്ത നടപടിയും കേന്ദ്രം കോടതിയെ അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി മറ്റൊരു സത്യവാങ്മൂലം കൂടി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

“നിങ്ങള്‍ (കേന്ദ്ര സര്‍ക്കാര്‍) ഇപ്പോള്‍ ചെയ്യുന്നത് പോലെ ഈ കോടതിയെ കൈകാര്യം ചെയ്യാനാവില്ല. ഒരു ജൂനിയര്‍ ഓഫീസര്‍ ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മോശം റിപ്പോര്‍ട്ടിംഗ് നടന്നിട്ടില്ല എന്ന് പറയുന്ന ഈ സത്യവാങ്മൂലം അസത്യമാണ്. നിങ്ങള്‍ അംഗീകരിക്കില്ലെങ്കിലും, മോശം റിപ്പോര്‍ട്ടിംഗ് നടന്നിട്ടില്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ ഉറപ്പിച്ച് പറയാന്‍ കഴിയും?” – ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയ സംഭവങ്ങളെ കുറിച്ച് സെക്രട്ടറി എന്തു കരുതുന്നുവെന്ന് കോടതിയോട് പറയണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ചില ടിവി ചാനലുകള്‍ക്ക് എതിരെ പരാതിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ ഒരു മറുപടിയും നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

രണ്ടാഴ്ചകള്‍ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരും ബഞ്ചിലുണ്ടായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു വാദം കേള്‍ക്കല്‍.

തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്മേളനം വിവാദമായത്. ഇതേ തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരെ കൊവിഡ് പ്രചാരകരായി മുദ്രകുത്തുന്ന നിരവധി പ്രചാരണങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ പടച്ചുവിട്ടത്.

Latest