Connect with us

Kerala

വയോധികന്റെ മുഖത്തടിച്ച എസ് ഐയെ സ്ഥലം മാറ്റി; റൂറല്‍ എസ് പി വിശദാന്വേഷണം നടത്തും

Published

|

Last Updated

കൊല്ലം | കൊല്ലത്തെ ആയൂരിന് സമീപം മഞ്ഞപ്പാറയില്‍ വാഹന പരിശോധനക്കിടെ വയോധികന്റെ മുഖത്ത
ടിച്ച എസ് ഐക്കെതിരെ നടപടി. എസ് ഐ. നജീമിനെ കഠിന പരിശീലനത്തിനായി കുറ്റിക്കാനത്തെ കെ എ പി അഞ്ച് ബറ്റാലിയനിലേക്കു മാറ്റി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിക്ക് റൂറല്‍ എസ് പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദന്‍ നായരെയാണ് പ്രൊബേഷന്‍ എസ് ഐ. നജീം മുഖത്തടിച്ചത്. ഇന്ന് രാവിലെ ചടയമംഗലം പോലീസ് പ്രദേശത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

പൊടിമോന്‍ എന്ന സുഹൃത്ത് ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്നാണ് രാമാനന്ദന്‍ നായര്‍ ഇവിടെ എത്തിയത്. പോലീസ് വാഹനം കൈകാണിച്ചു നിര്‍ത്തി വാഹനം നിര്‍ത്തിച്ചു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. വാഹനത്തിന്റെ രേഖകളും കൈവശമുണ്ടായിരുന്നില്ല. ഇരുവരോടും അഞ്ഞൂറ് രൂപ വീതം പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂലിപ്പണിക്കാരാണെന്നും പണമില്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. രോഗിയാണെന്ന് രാമാനന്ദന്‍ നായര്‍ അറിയിച്ചെങ്കിലും വകവെക്കാതിരുന്ന പ്രൊബേഷന്‍ എസ് ഐ. നജീം വാഹനത്തില്‍ കയറ്റി. ഇതിനിടെ പ്രതിരോധിച്ചപ്പോഴാണ് നജീം വയോധികന്റെ മുഖത്ത് അടിച്ചത്. ഈ ഭാഗത്തുണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മദ്യപിച്ചിരുന്ന രാമാനന്ദന്‍ എസ് ഐയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് വാദം.